Tuesday, December 16, 2025

ഫ്ലാഷ്മോബിൽ സർപ്രൈസ് എൻട്രിയായി പത്തനംതിട്ട ജില്ലാ കളക്ടർ; ആരവങ്ങളോടെ വരവേറ്റ് കലാലയം; ഡോ. ദിവ്യാ എസ് അയ്യരുടെ നൃത്തം ശ്രദ്ധേയമാകുന്നു; വീഡിയോ കാണാം

പത്തനംതിട്ട: കലാലയ വിദ്യാർത്ഥികളോടൊപ്പം നൃത്തച്ചുവടുകളുമായി ഫ്ലാഷ്മോബിൽ തിളങ്ങി പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ. എംജി സർവകലാശാല കലോത്സവത്തിന്റെ ഭാഗമായി ഫ്ലാഷ് മോബിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കൊപ്പമാണ് ജില്ലാ കലക്ടർ ചുവടുവച്ചത്, കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്. സ്കൂൾ പഠനകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ, കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം എന്നിവയിൽ ഏറെ തിളങ്ങിയിട്ടുള്ള കലാകാരിയാണ്. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ആഹ്വാനം ചെയ്ത് കോട്ടയം കലക്ടറായിരിക്കെ ദിവ്യ റെക്കോർഡ് ചെയ്ത ഗാനം ദേശീയ ശ്രദ്ധ നേടിയിരുന്നു. നേരത്തെ മകരവിളക്ക് ഉത്സവത്തിനിടെ പമ്പയിൽ പ്രശസ്ത ഗായകൻ വീരമണി രാജുവിനൊപ്പം അയ്യപ്പഭക്തിഗാനം പാടി കളക്ടർ കൈയ്യടി നേടിയിരുന്നു.

കലോത്സവത്തിന്റെ ദീപക്കാഴ്ച ഉദ്ഘാടനം ചെയ്യാൻ ജില്ലാ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കലക്ടർ. ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കലക്ടറും കൂടിയത്. വിദ്യാർത്ഥികൾക്കൊപ്പം മനോഹരമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന കലക്ടറുടെ വിഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൈറലായി.

Related Articles

Latest Articles