Monday, December 15, 2025

ഹാസ്യനടൻ ഗോവർധൻ അസ്രാണി അന്തരിച്ചു; വിടവാങ്ങിയത് ‘ഷോലെയിലെ അഡോൾഫ് ഹിറ്റ്ലറെ അനുസ്മരിപ്പിക്കുന്ന ജയിലർ കഥാപാത്രത്തിന് ജീവൻ നൽകിയ നടൻ; ബോളിവുഡിന് തീരാനഷ്ടം

ദില്ലി : ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിലൊരാളും അതുല്യ കലാകാരനുമായ ഗോവർധൻ അസ്രാണി (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1940 ജനുവരി 1-ന് ജയ്പൂരിൽ ഒരു സിന്ധി മധ്യവർഗ്ഗ കുടുംബത്തിലാണ് അസ്രാണി ജനിച്ചത്. പിതാവിന് പരവതാനിക്കട ഉണ്ടായിരുന്നെങ്കിലും കുടുംബ ബിസിനസ്സിൽ അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നില്ല. ജയ്പൂരിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രാജസ്ഥാൻ കോളേജിൽ നിന്ന് ബിരുദം നേടി. പഠനച്ചെലവിനായി അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ വോയിസ് ആർട്ടിസ്റ്റായി ജോലി ചെയ്തിരുന്നു.

1960 മുതൽ 1962 വരെ സാഹിത്യ കൽഭായ് താക്കറിൽനിന്ന് അഭിനയം അഭ്യസിച്ച അസ്രാണി, 1964-ൽ പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) ചേർന്നു.
1967-ൽ ‘ഹരേ കാഞ്ച് കി ചൂടിയാൻ’ എന്ന ചിത്രത്തിലൂടെ ബിസ്വാജിത്തിന്റെ സുഹൃത്തായി അഭിനയിച്ച് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഈ കാലയളവിൽ അദ്ദേഹം നിരവധി ഗുജറാത്തി സിനിമകളിലും നായകനായി അഭിനയിച്ചിട്ടുണ്ട്.

എന്നാൽ, അസ്രാണിയെ ഇന്ത്യൻ സിനിമയിൽ അനശ്വരനാക്കിയത് 1975-ൽ പുറത്തിറങ്ങിയ ‘ഷോലെ’ എന്ന ചിത്രത്തിലെ അഡോൾഫ് ഹിറ്റ്ലറെ അനുസ്മരിപ്പിക്കുന്ന ജയിലർ എന്ന കഥാപാത്രമാണ്. “ഹാഫ് ഇധർ, ഹാഫ് ഉധർ…” എന്ന അദ്ദേഹത്തിന്റെ സംഭാഷണം ഇന്നും പ്രശസ്തമാണ്. ഋഷികേശ് മുഖർജി, ഗുൽസാർ, ബി.ആർ. ചോപ്ര തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിലൂടെ അദ്ദേഹം ഒരു ബഹുമുഖ നടനായി തിളങ്ങി.

ബോളിവുഡിലെ സൂപ്പർതാരമായിരുന്ന രാജേഷ് ഖന്നയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന അസ്രാണി, 1972-ലെ ‘ബാവർച്ചി’ ഉൾപ്പെടെ ഏകദേശം 25-ഓളം ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചു.

2000-ത്തിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത കോമഡി ചിത്രങ്ങളിലൂടെ അദ്ദേഹം വീണ്ടും ശ്രദ്ധേയനായി. ഹേരാ ഫേരി, ആംദാനി അത്താനി ഖർച്ച രൂപയ്യാ, ബാഗ്ബാൻ, ചുപ് ചുപ് കേ, ഗരം മസാല, ബോൽ ബച്ചൻ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 2023-ൽ പുറത്തിറങ്ങിയ ‘ഡ്രീം ഗേൾ 2’ ലും അദ്ദേഹം അഭിനയിച്ചിരുന്നു.

ആജ് കി താസാ ഖബർ’, ‘നമക് ഹറാം’എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട നടി മഞ്ജു ബൻസലിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവർക്ക് നവീൻ അസ്രാണി എന്നൊരു മകനുണ്ട്.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിൽ ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. ബോളിവുഡ് താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Related Articles

Latest Articles