തിരുവനന്തപുരം: കേരളത്തിൽ ക്ഷേത്ര ഉത്സവങ്ങൾ നടക്കുന്ന കാലമാണിപ്പോൾ. ക്ഷേത്രങ്ങളിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് ഉത്സവങ്ങൾ അലങ്കോലമാക്കാൻ സിപിഎം ശ്രമിക്കുന്നതായി പരാതി. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ ഗാനമേളയ്‌ക്കിടയിൽ പാർട്ടി ഗാനങ്ങൾ ആലപിച്ചത് നേരത്തെ വിവാദമായിരുന്നു. ഹൈക്കോടതിയുടെ ഇടപെടൽ അടക്കം ഈ വിഷയത്തിൽ ഉണ്ടാകുകയും നടപടിയെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്‌തിരുന്നു. സമാനമായ പരാതികൾ പലയിടങ്ങളിൽ നിന്നും ഇപ്പോൾ ഉയരുകയാണ്.
തിരുവനന്തപുരത്ത് കുറ്റിയാണിക്കാട് ദേവീക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ഭക്തർ നടത്തിയ അലങ്കാരങ്ങൾ സിപിഎം പ്രവർത്തകർ പാർട്ടി കോടികൾ കൊണ്ട് മറച്ചതായി പരാതി. കുറ്റിയാണിക്കാട് ദേവിയുടെ ചിത്രം ആലേഖനം ചെയ്‌ത മുദ്രപതിപ്പിച്ച കാവി പതാകകൾ കൊണ്ടാണ് ഭക്തർ ഉത്സവ മേഖല അലങ്കരിച്ചിരുന്നത്. എന്നാൽ സ്ഥലത്തെ സിപിഎം നേതാക്കളും പുറത്തുനിന്നുള്ള ക്രിമിനലുകളും ചേർന്ന് സിപിഎമ്മിന്റെ പതാകകളും തോരണങ്ങളും കൊണ്ട് അലങ്കാരത്തെ മറച്ചുകെട്ടിയെന്നാണ് ഭക്തർ ആരോപിക്കുന്നത്.
കഴിഞ്ഞ വർഷവും ഇത്തരത്തിൽ സിപിഎം പ്രവർത്തകർ പാർട്ടിക്കൊടി ഉത്സവമേഖലയിൽ ഉയർത്തിയിരുന്നതായും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണമെന്ന പേരിൽ ഇതിനെ ന്യായീകരിച്ചിരുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. ഈ വർഷം വളരെ ആസൂത്രിതമായി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി സംഘർഷാവസ്ഥ സൃഷ്ടിക്കാനാണുള്ള ശ്രമത്തിനെതിരെ ക്ഷേത്ര കമ്മിറ്റിയും വിശ്വാസികളും പ്രതിഷേധത്തിലാണ്. ഇത്തരം പ്രവർത്തനങ്ങളെ നിയമപരമായി നിയന്ത്രിക്കാൻ പോലീസ് തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.
ജില്ലയിലെ തന്നെ പെരുങ്കടവിള തൃക്കടമ്പ് മഹാദേവ ക്ഷേത്രത്തിലും നടക്കാനിരിക്കുന്ന പത്താമുദയ മഹോത്സവത്തോടനുബന്ധിച്ചും സംഘർഷമുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ക്ഷേത്ര ചുറ്റുമതിലിന് കേടുപാടുണ്ടാക്കും വിധം വലിയ കുഴികളെടുത്ത് ചെടികൾ വച്ചു പിടിപ്പിക്കുകയാണ് ഡി വൈ എഫ് ഐ പ്രവർത്തകർ . ക്ഷേത്രത്തിൽ ഉടൻ ആരംഭിക്കാൻ പോകുന്ന അറ്റകുറ്റപ്പണികൾ തടസപ്പെടുത്തുന്ന രീതിയിലാണ് ഡി വൈ എഫ് ഐ ചെടികൾ വച്ചുപിടിപ്പിച്ച് പ്രകോപനം സൃഷ്ടിക്കുന്നത്. ക്ഷേത്ര ചുറ്റുമതിലിനോട് ചേർന്ന് ഇത്തരത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് ഉപദേശകസമിതിയും ക്ഷേത്ര സംരക്ഷണ സമിതിയും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

