കൊല്ലം : കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ യുവാക്കൾ തെങ്ങിൽ കെട്ടിയിട്ട് തല്ലിയതായി പരാതി. വടക്കേവിള പള്ളിമുക്ക് ഷാനവാസ് മൻസിലിൽ ഷാനവാസിന്റെ ദിയ എന്ന നാലരവയസ്സുള്ള കുതിരയാണ് മർദ്ദനത്തിനിരയായത്. ഉടമയുടെ പരാതിയിൽ ഇരവിപുരം പോലീസ് കേസെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇരവിപുരം പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമികളില്‍ മൂന്നുപേരെ പോലീസ് തിരിച്ചറിഞ്ഞത്. ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവർ ചേർന്നാണ് കുതിരയെ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. തെക്കേക്കാവ് ഭഗവതിക്ഷേത്രപരിസരത്താണ് പകൽ കുതിരയെ കെട്ടിയിരുന്നത്. വൈകുന്നേരം അഴിക്കാനെത്തിയപ്പോൾത്തന്നെ കുതിര അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുതിരയുടെ കാലുകളിലും ദേഹത്തും അടിയേറ്റ പാടുകൾ കണ്ടു. പിന്നാലെ സംശയം തോന്നി വെള്ളിയാഴ്ച ക്ഷേത്രത്തിലെ സിസിടീവീ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. കാറിലും സ്കൂട്ടറിലുമായെത്തിയ ഒരു സംഘം ചെറുപ്പക്കാർ നീണ്ട വടിയുപയോഗിച്ച് കുതിരയെ മർദ്ദിക്കുകയായിരുന്നു
തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കുതിരയുടെ നെഞ്ചിലും കാലുകളിലും നീർക്കെട്ട് രൂപപ്പെട്ടതായി കണ്ടെത്തി. കണ്ണിനു മുകളിലും മുഖത്തും സാരമായ പരിക്കുണ്ട്. ആശുപത്രിയിൽ സ്കാനിങ് സംവിധാനം തകരാറിലായതിനാൽ ഗർഭിണിയായ കുതിരയുടെ പരിക്കിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല.

