Sunday, December 21, 2025

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഭാരതത്തിന് സമ്പൂർണ്ണ ജയം! അവസാന ടെസ്റ്റിൽ അശ്വിന്റെയും ശ്രേയസിന്റെയും കൂട്ടുകെട്ട് ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് വിജയം സമ്മാനിച്ചു

മിർപൂർ: തോൽവി മുന്നിൽകണ്ട ഘട്ടത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ രക്ഷകരായി അശ്വിനും ശ്രേയസ് അയ്യരും അവതരിച്ചു. ഇരുവരും ചേർന്ന് കൈവിട്ടു പോയ മത്സരത്തെ ഇന്ത്യയ്ക്ക് അനുകൂലമാക്കി. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്പരയിൽ 2-0 ൻ്റെ സമ്പൂർണ്ണ വിജയം നേടി.

ഇന്നലെ കളിനിർത്തുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 45 എന്ന നിലയിലായിരുന്നു. സ്‌കോർബോർഡിൽ 29 റൺസ് കൂട്ടി ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യൻ ടീമിനെ ഞെട്ടിച്ചു. ഉനദ്കട്ടും ഋഷഭ് പന്തും അക്‌സർ പട്ടേലും വിക്കറ്റ് നഷ്ട്ടപ്പെട്ട് മടങ്ങിയപ്പോൾ ഇന്ത്യയുടെ സ്‌കോർ 7ന് 74 എന്ന നിലയിലായി. മൂന്നക്കം കാണില്ലെന്ന കരുതിയ ഘട്ടത്തിലാണ് ശ്രേയസ് അയ്യരും ആർ അശ്വിനും ക്രീസിലെത്തിയത്.

എട്ടാം വിക്കറ്റിൽ ഇരുവരും 71 റൺസിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ വിജയതീരം തൊട്ടു . അശ്വിൻ(42), ശ്രേയസ്(29) റൺസ് നേടി. മെഹ്ദി ഹസൻ എറിഞ്ഞ 47ാം ഓവറിൽ അശ്വിൻ രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയതോടെ ഇന്ത്യയുടെ വിജയം വേഗത്തിലായി. അശ്വിൻ കളിയിലെ താരമായും ചേതേശ്വർ പൂജാര പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Latest Articles