സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വയനാട് സ്വദേശിയായ 25-കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്.
നേരത്തെ താമരശ്ശേരിയിൽ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. അനയ കുളിച്ച അതേ കുളത്തിൽ ഏഴ് വയസ്സുകാരനായ സഹോദരനും കുളിച്ചുവെന്നാണ് വിവരം. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നിലവിൽ ചികിത്സയിലുള്ളവർ:
മലപ്പുറം പുല്ലിപ്പറമ്പ് സ്വദേശിയായ 49-കാരൻ
മലപ്പുറം ചേളാരി സ്വദേശിയായ 11-കാരി
കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്
കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 38-കാരൻ
മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47-കാരൻ
വയനാട് ബത്തേരി സ്വദേശിയായ 45-കാരൻ
വയനാട് സ്വദേശിയായ 25-കാരൻ (ഇന്ന് രോഗം സ്ഥിരീകരിച്ചത്)
രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്തത് ആരോഗ്യ വകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതിലൂടെയാണ് സാധാരണയായി അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകുന്നത്. എന്നാൽ, ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെ വെള്ളത്തിൽ മാത്രമാണ് കുളിപ്പിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. രോഗം ബാധിച്ച ചിലർ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തുക എന്നത് വെല്ലുവിളിയായിരിക്കുകയാണ്.

