Monday, December 22, 2025

‘ജനപ്രിയ നേതാവിന് അഭിനന്ദനങ്ങൾ’; എക്‌സിൽ 100 മില്യൺ ഫോളോവേഴ്‌സ് എന്ന നേട്ടം സ്വന്തമാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഇലോൺ മസ്‌ക്

ദില്ലി: സമൂഹമാദ്ധ്യമമായ എക്‌സിൽ 100 മില്യൺ ഫോളോവേഴ്‌സിനെ നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. എക്‌സിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് എക്‌സിൽ പ്രധാനമന്ത്രിയുടെ ഫോളോവേഴ്‌സ് 100 ദശലക്ഷത്തിലെത്തിയത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവായാണ് മോദി മാറിയത്. 131 ദശലക്ഷം ഫോളോവേഴ്‌സാണ് ബരാക് ഒബാമയ്‌ക്കുള്ളത്. 2009ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പ്രധാനമന്ത്രി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങുന്നത്.

അതേസമയം, എക്‌സിൽ ഒന്നാം സ്ഥാനത്ത് ഇലോൺ മസ്‌ക് തന്നെയാണ്. 190.1 ദശലക്ഷം ഫോളോവേഴ്‌സാണ് ഇലോൺ മസ്‌കിനുള്ളത്. മൂന്നാം സ്ഥാനത്ത് ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ്. 112.2 ദശലക്ഷം ഫോളോവേഴ്‌സാണ് അദ്ദേഹത്തിനുള്ളത്. 64.1 മില്യൺ ഫോളോവേഴ്‌സുമായി വിരാട് കോലിയും 63.6 മില്യൺ ഫോളോവേഴ്‌സുമായി ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മറും എക്‌സിൽ കായിക താരങ്ങളുടെ പട്ടികയിൽ മുൻ നിരയിലുണ്ട്. ഗായിക ടെയിലർ സ്വിഫ്റ്റിന് 95 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണുള്ളത്.

Related Articles

Latest Articles