തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി അവഹേളിക്കുന്നതിലൂടെ ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടുമുള്ള അവരുടെ നിഷേധാത്മക നിലപാടാണ് പ്രകടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഉത്തരവാദിത്തമുള്ള പദവിയാണ് ഗവര്‍ണറുടേത്. ആ ഉത്തരവാദിത്തമാണ് അദ്ദേഹം വിട്ടുവീഴ്ചകൂടാതെ നിര്‍വഹിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ ഗവര്‍ണറെ പ്രതിക്കൂട്ടിലാക്കുകയും ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ ഭാഗമാണ് സംസ്ഥാന ഗവര്‍ണറുടെ പദവി. അദ്ദേഹത്തെ സ്വന്തം അഭിപ്രായത്തിന്റെ പേരില്‍ അപമാനിച്ചതിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ അസഹിഷ്ണുത കൂടിയാണ് കോണ്‍ഗ്രസ് കാണിച്ചിരിക്കുന്നത്. ഈ നിലപാട് തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം.
പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് രാജ്യത്തെ ഒരു കോടതിയും ഇതുവരെ പറഞ്ഞിട്ടില്ല. ആ നിയമത്തിനെതിരേ കുപ്രചരണം നടക്കുമ്പോള്‍ കാര്യങ്ങള്‍ ശരിയായി പൗരന്മാരെ ബോധ്യപ്പെടുത്താന്‍ ഗവര്‍ണര്‍ ഇനിയും ശ്രമിക്കും എന്ന് പ്രത്യാശിക്കുകയാണ്.
രാജ്യത്തിന്റെ ഭരണത്തില്‍ നിന്നു പുറത്തായത് ഇനിയും യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ അരാജകവാദികളെപ്പോലെ പെരുമാറുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം- ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

