ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ മോദിയെ കഥാപാത്രമാക്കി കോൺഗ്രസ് നിർമ്മിച്ച എ.ഐ. വീഡിയോയുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി നോർത്ത് അവന്യൂ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ. രജിസ്റ്റർ ചെയ്തത്.
മോദിയുടെ മാതാവിനെ അപമാനിക്കുന്ന വീഡിയോ കോൺഗ്രസ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോയിൽ, മോദിയുടെ അമ്മ സ്വപ്നത്തിൽ വന്ന് ‘വോട്ടിനുവേണ്ടി തന്നെ ഉപയോഗിക്കരുതെന്ന്’ പ്രധാനമന്ത്രിയോട് പറയുന്നതാണ് ഉള്ളടക്കം. ഇത് മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അപമാനിക്കുന്നതാണെന്ന് ബിജെപി വ്യക്തമാക്കി. വിഷയത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപി ആലോചിക്കുന്നുണ്ട്.
അതേസമയം, വീഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ളതാണെന്നും, പ്രധാനമന്ത്രിയുടെ അമ്മയെ വീഡിയോയിൽ അപമാനിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് വാദം. എന്നാൽ, കോൺഗ്രസ്സിന്റെ ഈ വിശദീകരണം തള്ളി, വീഡിയോയ്ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം.

