പാറ്റ്‌ന : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മയെയും അപമാനിക്കുന്ന തരത്തിൽ ചിത്രീകരിക്കുന്ന വിവാദ എ.ഐ. വീഡിയോ കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഉടനടി നീക്കം ചെയ്യാൻ ഉത്തരവിട്ട് പാറ്റ്‌ന ഹൈക്കോടതി. വിവേകാനന്ദ് സിങ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി. ബൈജന്ത്രിയുടെ നിർണായകമായ ഈ നടപടി.
ബിഹാർ കോൺഗ്രസിൻ്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിൽ കഴിഞ്ഞ ആഴ്ചയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഈ വീഡിയോ, പ്രധാനമന്ത്രിയുടെ അന്തരിച്ച അമ്മ അദ്ദേഹത്തെ സ്വപ്നത്തിൽ വന്ന് വിമർശിക്കുന്നതായി ചിത്രീകരിക്കുന്നതായിരുന്നു. ഈ വീഡിയോ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു.
വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഫെയ്സ്ബുക്ക്, ഗൂഗിൾ, ‘എക്സ്’ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

