ബ്രൂവെറി വിഷയത്തിൽ നിലപാട് മയപ്പെടുത്തിയ സിപിഐയെ പരിഹസിച്ച് പ്രതിപക്ഷം. സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പിണറായി വിജയനെ ഭയമാണെന്നും സിപിഐ നട്ടെല്ലില്ലാത്ത പാർട്ടിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. മദ്യ നിർമ്മാണശാലയുടെ കാര്യത്തിൽ ആദ്യം ശക്തമായ എതിരഭിപ്രായം പറഞ്ഞ സിപിഐ പിന്നീട് നിലപാട് മാറ്റിയതിന് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐയുടെ നിലപാട് മാറ്റത്തിന് പിന്നിൽ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നതാണോ അതോ മദ്യക്കമ്പനി കാണേണ്ടതുപോലെ കണ്ടതാണോ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സിപിഐ ആസ്ഥാനമായ എം എൻ സ്മാരകത്തിൽ വച്ചുതന്നെ എലപ്പുള്ളി മദ്യനിർമ്മാണശാലയ്ക്കനുകൂലമായ തീരുമാനമെടുപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻറെ ബുദ്ധി അപാരമെന്നും അദ്ദേഹം പരിഹസിച്ചു. മദ്യക്കമ്പനി സംസ്ഥാന സർക്കാരിനെ ഹൈജാക്ക് ചെയ്‌തതായും അദ്ദേഹം ആരോപിച്ചു.
പാലക്കാട് എലപ്പുള്ളിയിൽ വരാൻ പോകുന്ന നിർദ്ദിഷ്ട മദ്യനിർമ്മാണ ശാലയെ കുടിവെള്ള പ്രശ്നം ഉയർത്തിക്കാട്ടി സിപിഐ അതിശക്തമായി എതിർത്തിരുന്നു. പാർട്ടിയുടെ പരസ്യമായ എതിർപ്പ് സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. എൽ ഡി എഫിലെ മറ്റൊരു ഘടകകക്ഷിയായ ആർ ജെ ഡിയും പദ്ധതിയെ പരസ്യമായി എതിർത്തിരുന്നു. എന്നാൽ ഈ രണ്ടു പാർട്ടികളുടെയും എതിർപ്പ് അവഗണിച്ച് സിപിഐ ആസ്ഥാനമായ എം എൻ സ്മാരകത്തിൽ നടന്ന യോഗത്തിൽ തന്നെ എൽ ഡി എഫ് പദ്ധതിക്ക് സമ്മതം മൂളുകയായിരുന്നു.

