തിരുവനന്തപുരം: അടിയന്തരാവസ്ഥയുടെ ചരിത്രം ജനങ്ങൾ മറക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. എന്നാൽ ബിജെപി നിരന്തരം അത് ജനങ്ങളെ ഓർമിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. ഭരണഘടനാഹത്യാ ദിനാചരണത്തോടനുബന്ധിച്ച് കോൺഗ്രസ് അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥ; ഇരുണ്ട അദ്ധ്യായത്തിന്റെ അൻപതാം വാർഷികം എന്ന വിഷയത്തിൽ ബിജെപി സംസ്ഥാന കാര്യാലയമായ തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1971 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി നഗ്നമായ ചട്ടലംഘനം നടത്തി. എയർഫോഴ്സിന്റെ ഹെലികോപ്ടറുകളടക്കം സർക്കാർ സംവിധാനങ്ങളെയും ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു. ചെലവഴിക്കാൻ കഴിയുന്ന തുകയുടെ പരിധി ലംഘിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി അവരെ അയോഗ്യയാക്കുകയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിലക്കുകയും ചെയ്‌തത് മറികടക്കാനാണ് സ്വാതന്ത്ര്യ സമര സേനാനികൾ ജീവത്യാഗം നടത്തി നേടിയ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ഇന്ദിര തുറുങ്കിലടച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് ആദ്യം മുതൽ ഭരണഘടനയിൽ വിശ്വാസമില്ല. 1950 ൽ നിലവിൽ വന്ന ഭരണഘടനയിൽ 1952 ൽ ആദ്യ തെരഞ്ഞെടുപ്പ് നടക്കും മുമ്പ് നെഹ്‌റു തിരുത്തലുകൾ വരുത്തി. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയിൽ 50 ശതമാനം മാറ്റങ്ങൾ വരുത്തി. ഇപ്പോഴും ആ പാർട്ടിക്ക് ജനാധിപത്യത്തിൽ അല്ല മറിച്ച് കുടുംബാധിപത്യത്തിലാണ് വിശ്വാസം. നെഹ്‌റുവിൽ തുടങ്ങിയ നേതൃത്വം ഇന്ന് രാഹുലിലും പ്രിയങ്കയിലും എത്തിനിൽക്കുന്നത് അതിന് തെളിവാണ്. അതുകൊണ്ട് തന്നെ ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണം. ഇന്ത്യൻ ജനാധിപത്യത്തെ ഇനിയാരും തൊട്ടുകളിക്കാതിരിക്കാൻ അടിയന്തരാവസ്ഥയുടെ ഓർമ്മകൾ പുതുക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഒരുകോടിയിലധികം ആളുകളെയാണ് അടിയന്തരാവസ്ഥക്കാലത്ത് നിർബന്ധിത വന്ധ്യങ്കരണം നടത്തിയത്. ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. ഇതിൽ 1700 ലധികംപേർ മരിച്ചു. ഇതിൽ സർക്കാർ നടപടിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്‌തവരുമുണ്ട്. ജൂൺ 25 ന് അടിന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അന്നുമുതൽ 3 ദിവസം പത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടില്ല. മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ടു. 25000 ത്തതിൽപ്പരം കേന്ദ്രസർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു. എൽ കെ അദ്വാനി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു. ഇത്തരം ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവരാണ് ഇന്ന് ഭരണഘടന പൊക്കിപ്പിടിച്ച് നടക്കുന്നത്. ഇന്നേവരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് കോൺഗ്രസ് രാജ്യത്തോട് മാപ്പുപറഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി ഓർമിപ്പിച്ചു.
ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, പാർട്ടി നേതാക്കളായ സി കൃഷ്ണകുമാർ പി കെ കൃഷ്ണദാസ് വി ശിവൻകുട്ടി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

