ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലം സ്വദേശിനി വിപഞ്ചികയും മകള്‍ വൈഭവിയും മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവെച്ചു. കോൺസുലേറ്റിന്റെ അടിയന്തര ഇടപെടലിനെ തുടർന്നാണ് തീരുമാനം. വൈഭവിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം തന്നെ ഷാര്‍ജയില്‍ സംസ്‌കരിക്കാനായിരുന്നു നിധീഷിന്റെയും കുടുംബത്തിന്റെയും നീക്കം. എന്നാല്‍, ഇത് തടയണമെന്നും മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്നും ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടത്. ഇതേസമയം, കുഞ്ഞിന്റെ മൃതദേഹവുമായി നിധീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശ്മശാനത്തില്‍ എത്തിയിരുന്നു. ഇതിനിടെയാണ്, ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് വിളിയെത്തിയത്. കുഞ്ഞിന്റെ അച്ഛനായ നിധീഷിന്റെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് വിളിപ്പിക്കുകയുംചെയ്തു. തുടര്‍ന്ന് സംസ്‌കരിക്കാനായി കൊണ്ടുവന്ന മൃതദേഹം തിരികെകൊണ്ടുപോവുകയായിരുന്നു.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം സംബന്ധിച്ച് വിപഞ്ചികയുടെ അമ്മ ശൈലജ അടിയന്തര ഇടപെടലിന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണമെന്നും മകൾക്ക് നീതി ലഭിക്കണമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്നും വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഒന്നിച്ച് നാട്ടിൽ എത്തിക്കണമെന്നും അമ്മ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാര്‍ജയിലെ വീട്ടില്‍ കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബം നിയമപോരാട്ടം തുടരുകയാണ്. ഷാർജ പൊലീസിൽ പരാതി നൽകുമെന്നും അറിയിച്ചിരുന്നു. ഭർത്താവിനും വിട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. , കേരളത്തില്‍ നല്‍കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം.
ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു വിപഞ്ചിക. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്‍ക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം. നിധീഷിന്റെയും ഭര്‍തൃകുടുംബാംഗങ്ങളുടെയും കൊടിയപീഡനം കാരണമാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നാണ് ആരോപണം. നിധീഷില്‍നിന്നും ഇയാളുടെ പിതാവ്, സഹോദരി എന്നിവരില്‍നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് വിപഞ്ചിക എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിരുന്നു.

