കണ്ണൂർ: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥയിലെ ഉള്ളടക്കം പുറത്ത്. രണ്ടാം പിണറായി വിജയൻ സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന വിവരങ്ങൾ പുസ്തകത്തിലുണ്ടെന്ന് ഒരു പ്രമുഖ വാർത്താ ചാനൽ പുറത്തുവിട്ടു. രണ്ടാം പിണറായി വിജയൻ സർക്കാർ ദുർബലമാണ്. ഒന്നാം പിണറായി സർക്കാരിനുണ്ടായിരുന്ന ജനപിന്തുണ ഈ സർക്കാരിനില്ല. തന്നെ എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിൽ വലിയ മനോവിഷമമുണ്ട്. താൻ പങ്കെടുക്കാത്ത സംസ്ഥാന സമിതി യോഗമാണ് എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയത്. താൻ ഒരു കേന്ദ്ര കമ്മിറ്റി അംഗമാണ്. നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. അതുണ്ടായില്ല എന്ന പരിഭവം പുസ്തകത്തിൽ ഉണ്ടെന്നാണ് സൂചന.
ദേശാഭിമാനിക്ക് വേണ്ടി സാന്റിയാഗോ മാർട്ടിനിൽ നിന്ന് പണം വാങ്ങിയത് പാർട്ടിയുടെ തീരുമാനം അനുസരിച്ചാണ്. എന്നിട്ടും വി എസ് അച്യുതാനന്ദൻ തന്നെ വേട്ടയാടി. ദേശാഭിമാനിയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച നേതാവ് കൂടിയായ ഇ പി പുസ്തകത്തിൽ പറയുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ താൻ മാത്രമല്ല കണ്ടത്. ബിനോയ് വിശ്വവും പി കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ പല നേതാക്കന്മാരും കണ്ടിട്ടുണ്ട്. താനുമായുള്ള കൂടിക്കാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പിന് തോട്ടമുന്നേ വിവാദമാക്കിയത് ഗൂഡാലോചനയാണെന്നും അദ്ദേഹം പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
പാലക്കാട്ട് അവസരവാദിയായ പി സരിനെ സ്ഥാനാർത്ഥിയാക്കിയതിനെ പുസ്തകത്തിൽ നിശിതമായി വിമർശിക്കുന്നു. തീരുമാനം ശരിയായിരുന്നോ എന്ന് കാലം തെളിയിക്കട്ടെ എന്നാണ് ഇ പി പറയുന്നത്. കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിലുള്ള ആത്മകഥയുടെ ഉള്ളടക്കമാണ് ഇന്ന് പുറത്തുവന്നത്. വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ ഉള്ളടക്കം പുറത്തുവന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. എന്നാൽ ആത്മകഥ താൻ ഡി സി ബുക്‌സിനു നൽകിയിട്ടില്ലെന്നും വീട്ടിലിരുന്ന് എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഉള്ളടക്കം വാർത്തയാകുന്നതിന് പിന്നിൽ ആസൂത്രിത ഗൂഡാലോചനയുണ്ടെന്നും എപി ജയരാജൻ പ്രതികരിച്ചു.

