കൊളംബോ : 2025-ലെ ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യ – പാക് പോരാട്ടത്തിനായി പാകിസ്ഥാൻ വനിതാ ടീം ശ്രീലങ്കയിലെത്തി. ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണെങ്കിലും ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ധാരണ പ്രകാരം പാക് ടീം ഇന്ത്യയിൽ കളിക്കില്ല. ഒക്ടോബർ 5നാണ് ഇന്ത്യ -പാക് പോരാട്ടം. ഇന്ത്യൻ വനിതാ ടീം തങ്ങളുടെ ആദ്യ മത്സരത്തിൽ ശ്രീലങ്കൻ വനിതകളെ തോൽപ്പിച്ചപ്പോൾ, പാകിസ്ഥാൻ ടീം ബംഗ്ലാദേശിനോട് തോറ്റാണ് ലോകകപ്പ് ആരംഭിച്ചത്.
നേരത്തെ ഏഷ്യാ കപ്പിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തലവൻ മൊഹ്‌സിൻ നഖ്‌വിയും രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. ഏഷ്യാ കപ്പ് കിരീടം വിജയികളായ ഇന്ത്യൻ ടീമിന് കൈമാറാതെ നഖ്‌വി കൊണ്ടുപോയ നടപടി വ്യാപകമായി വിമർശിക്കപ്പെട്ടു. മത്സരത്തിനിടെ ഇന്ത്യൻ ടീമിനോടും മോശമായാണ് പാക് ടീം പെരുമാറിയത്. ഇപ്പോൾ പാകിസ്ഥാൻ വനിതാ ടീമിനും സമാനമായ നിർദ്ദേശങ്ങൾ നഖ്‌വി നൽകിയതായി ‘റെവ്‌സ്‌പോർട്‌സ്’ ജേണലിസ്റ്റ് രോഹിത് ജുഗ്ലാൻ റിപ്പോർട്ട് ചെയ്തു.
അതേസമയം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ആസ്ഥാനത്ത് നിന്ന് സ്വീകരിച്ചില്ലെങ്കിൽ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യൻ ടീമിന് കൈമാറില്ല എന്ന നിലപാടിലാണ് മൊഹ്‌സിൻ നഖ്‌വി . ഇതിനെ തുടർന്ന് എസിസിയിൽ നഖ്‌വിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബിസിസിഐ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

