തിരുവനന്തപുരം: സിപിഎമ്മിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുത്തൽവാദി സംഘം രൂപപ്പെട്ടതായും നീക്കങ്ങൾക്ക് എം എ ബേബി നേതൃത്വം നൽകുന്നതായും കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ വിവരങ്ങൾ പുറത്തുവിട്ടത്. സി.പി.എം ജനറൽ സെകട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ പിന്തുണയോടെയാണ് എം എ ബേബിയുടെ പുതിയ നീക്കമെന്നും പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ തോമസ് ഐസക്, ഇളമരം കരീം, കെ.കെ.ശൈലജ, കെ.രാധാകൃഷ്ണൻ എന്നിവർ പുതിയ ചേരിയിലുണ്ടെന്നും അദ്ദേഹം പറയുന്നു. കൂടാതെ ഒക്ടോബറിൽ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കുമ്പോൾ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
കണ്ണൂരിൽ പി.ജയരാജന്റെയും ആലപ്പുഴയിൽ ജി.സുധാകരന്റെയും തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ ശക്തമാണ്. മന്ത്രി മുഹമ്മദ് റിയാസിനെതിരെയും വീണാ ജോർജിനെതിരെയും മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ തന്നെ നീക്കം ശക്തമാണെന്നും ചെറിയാൻ ഫിലിപ്പ് പോസ്റ്റിൽ പറയുന്നു. പാർട്ടിയിൽ വിഭാഗീയതയ്ക്കും എതിർ ശബ്ദങ്ങൾക്കും അന്ത്യം വരുത്തി പിണറായി വിജയൻറെ സമ്പൂർണ്ണ ആധിപത്യം ഉണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങൾ വന്നതോടെ പാർട്ടിയിൽ പിണറായി വിജയനെതിരെ അടക്കം പറച്ചിലുകൾ ശക്തമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സമ്പൂർണ്ണമായി പരാജയപ്പെട്ടതോടെ അവലോകനയോഗങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ജില്ലാ ഘടകങ്ങളിൽ നിന്നുൾപ്പെടെ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രസ്‌താവന.
ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം;
‘സി.പി.എം-ൽ ബേബിയുടെ തിരുത്തൽവാദി ഗ്രൂപ്പ്: ചെറിയാൻ ഫിലിപ്പ്
സി.പി.എം-ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ നേതൃത്വത്തിൽ തിരുത്തൽ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തിരിക്കുകയാണ്.
സി.പി.എം ജനറൽ സെകട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ പിന്തുണയോടെയാണ് പുതിയ നീക്കം. പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ തോമസ് ഐസക്, ഇളമരം കരീം, കെ.കെ.ശൈലജ, കെ.രാധാകൃഷ്ണൻ എന്നിവർ പുതിയ ചേരിയിലുണ്ട്. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി എന്നിവരുടെ നിലപാട് വ്യക്തമല്ല.
കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിനും പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജിനും എതിരെ ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പടയൊരുക്കം. കണ്ണൂരിൽ പി.ജയരാജന്റെയും ആലപ്പുഴയിൽ ജി.സുധാകരന്റെയും തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ ശക്തമാണ്. എല്ലാ ജില്ലകളിലേക്കും ഗ്രൂപ്പിസം വ്യാപിക്കുകയാണ്. ഒക്ടോബറിൽ പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതോടെ എല്ലാ തലങ്ങളിലും പൊട്ടിത്തെറിയുണ്ടാകും’.
കോൺഗ്രസ് നേതാവാണെങ്കിലും കുറച്ചുകാലം സിപിഎമ്മിൽ പ്രവർത്തന പരിചയമുള്ള രാഷ്ട്രീയ നേതാവാണ് ചെറിയാൻ ഫിലിപ്പ് എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ വ്യാപകമായി ചർച്ചയാകുകയാണ്.

