ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായ ഹേമന്ത് സോറനെ ചോദ്യംചെയ്യാനായി ഇഡി സംഘം റാഞ്ചിയിലെ വസതിയിലെത്തി. നേരത്തെ ജനുവരി 16-നും 20-നും ഇടയില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സോറന് ഇഡി നോട്ടീസ് നൽകുകയും 20-ന് തന്റെ വസതിയിലെത്തി മോഴി രേഖപ്പെടുത്താന്‍ സോറൻ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെടുകയായിരുന്നു. മുമ്പ് ഏഴു തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും സോറന്‍ഹാജരായിരുന്നില്ല.
ഇ.ഡി. സംഘത്തിന്റെ വരവിന് മുന്നോടിയായി വന്‍ സുരക്ഷയാണ് മുഖ്യമന്ത്രിയുടെ വീടിന് സമീപം ഏര്‍പ്പെടുത്തിയത്. ആയിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. സോറന് പിന്തുണ അറിയിച്ച് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ഗോത്രവര്‍ഗ നേതാക്കളും സ്ഥലത്ത് തമ്പടിച്ചിരുന്നു. വിവിധ ഗോത്രവര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടക്കുന്നുണ്ട്. ഝാര്‍ഖണ്ഡിലെ ഭൂമിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഐ.എ.എസ്. ഓഫീസറടക്കം 14 പേര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞവര്‍ഷം നവംബറില്‍ അനധികൃത ഖനികളുമായി ബന്ധപ്പെട്ട കേസിലും ഇ.ഡി. സോറനെ ചോദ്യംചെയ്തിരുന്നു.

