പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യയാണെന്ന് തെളിഞ്ഞു. ഏകമകൻ ലഹരിക്ക് അടിമ ആയതിൻ്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നുവെന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് ദമ്പതികളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്.
ഇവരുടെ മകൻ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും കുറപ്പിൽ പറയുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ദമ്പതികൾ ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തുന്നു. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്.
ഇന്ന് ഉച്ചയോടെ വേങ്ങലിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാരാണ് തിരുവല്ല വേങ്ങലിൽ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിൽ തീപിടിച്ച കാർ കണ്ടെത്തിയത്. പിന്നാലെ വിവരം ഫയർ ഫോഴ്സിനെ അറിയിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു. ഈ സമയത്താണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യ ലൈജിയുമാണെന്ന് തിരിച്ചറിഞ്ഞത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056.)

