തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും രണ്ട് തട്ടിൽ. വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടപ്പോൾ വിധി തൃപ്തികരമല്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞത്.
ഒരു സ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് അതിജീവിതയ്ക്ക് ഉണ്ടായത്. അതില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നതില്‍ വളരെ അധികം സന്തോഷമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
“അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഇത്തരം വിധി സഹായകമാകും. തൃക്കാക്കര എംഎല്‍എ ആയിരുന്ന പിടി തോമസിന്റെ ഇടപെടലിലാണ് ഇങ്ങനെ ഒരു പരിസമാപ്തിയിലേക്ക് കേസ് വന്നത്. അദ്ദേഹത്തെ ഈ അവസരത്തില്‍ പ്രത്യേകം ഓര്‍ക്കുന്നു. ഒരുതരത്തിലും പ്രതികള്‍ രക്ഷപ്പെടരുത് എന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നു. കേരളത്തില്‍ സ്ത്രീ സുരക്ഷ കുറേക്കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. പരാതിയുമായി വരുന്ന സ്ത്രീക്ക് അത് കിട്ടുമെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം മെച്ചപ്പെടുത്തണം. ഇന്ന് ആ സംവിധാനം പോര.”- കോഴിക്കോട് മാദ്ധ്യമങ്ങളോട് വി ഡി സതീശൻ പറഞ്ഞു.
അതേസമയം കേസ് വാദിച്ച് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും ഗൂഢാലോചന ഭാഗം തെളിയിക്കാന്‍ കഴിയാതെ പോയത് കേസ് അന്വേഷിച്ച പോലീസിന്റെയും കോടതിയില്‍ അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും പരാജയമാണെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.

