Sunday, December 14, 2025

തെലങ്കാനയിലും ബംഗ്‌ളൂരുവിലും കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: രാജ്യത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തെലങ്കാനയില്‍ ഒരാള്‍ക്കും ബെംഗളൂരുവില്‍ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 16 സംസ്ഥാനങ്ങളിലായി 153 പേര്‍ക്ക് ഇതോടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 125 പേര്‍ സ്വദേശികളും 25 പേര്‍ വിദേശികളുമാണ്.

തെലങ്കാനയില്‍ ബ്രിട്ടനില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഹൈദരാബാദിലാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ആറായി. ബെംഗളൂരുവില്‍ അമേരിക്കയില്‍ നിന്നെത്തിയ 56 കാരനും സ്‌പെയിനില്‍ നിന്നെത്തിയ 25 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരുവില്‍ മാത്രം പത്ത് പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

ഇറാനിലുള്ള 255 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19 ബാധിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലേക്ക് നാവികസേനയുടെ കപ്പല്‍ അയയ്ക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. യുഎഇയില്‍ 12 ഇന്ത്യാക്കാര്‍ കൊവിഡ് ബാധിതരാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

യുഎഇയില്‍ എട്ട് ഇന്ത്യക്കാരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ഇറ്റലിയില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹോങ്കോങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഓരോ ഇന്ത്യക്കാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇന്ന് 12 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 153 ആയി. ഇവരില്‍ 25 വിദേശികളും ഉള്‍പ്പെടുന്നു.

Related Articles

Latest Articles