Saturday, December 13, 2025

ഒറ്റരാത്രി കൊണ്ട് പാർട്ടി മാറുന്നവരെ സ്വീകരിക്കണമോ എന്ന് രാഷ്ട്രീയ പാർട്ടികൾ ചിന്തിക്കണം; പാലക്കാട്ട് എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിനെതിരെ സിപിഐയുടെ ഒളിയമ്പ്: സന്ദീപ് വാര്യരുമായി സംസാരിച്ചിരുന്നുവെന്ന് ബിനോയ് വിശ്വം

ദില്ലി: പാലക്കാട്ട് വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ എൽ ഡി എഫിൽ പൊട്ടിത്തെറിയെന്ന് സൂചന. ഒറ്റ രാത്രികൊണ്ട് പാർട്ടി മാറുന്നവരെ സ്വീകരിക്കണമോ എന്ന് പാർട്ടികൾ പുനർവിചിന്തനം നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശയപരമായ മാറ്റം കാരണമാണോ പാർട്ടിയിലേക്ക് ഇത്തരക്കാർ പാർട്ടിയിലേക്ക് വരുന്നതെന്ന് ഉറപ്പിക്കാനാവില്ല. കോൺഗ്രസ് വിട്ട് വന്ന പി സരിൻ പാലക്കാട്ട് എൽ ഡി എഫ് സ്ഥാനാർത്ഥിയാകുകയും മുന്നണി മൂന്നാം സ്ഥാനത്തേക്ക് പോയതിന്റെയും പശ്ചാത്തലത്തിലാണ് സിപിഐ നേതാവിന്റെ പ്രതികരണം. ദില്ലിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി വിട്ട സന്ദീപ് വാര്യരുമായി സിപിഐ സംസാരിച്ചിരുന്നുവെന്നും പദവികളും സീറ്റുകളും ഉറപ്പുനൽകാനാവില്ലെന്ന് അറിയിച്ചതോടെ ചർച്ചകൾ വഴിമുട്ടിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. 37293 വോട്ടുകൾ മാത്രമാണ് മുന്നണിക്ക് നേടാനായത് 39549 വോട്ടുകൾ നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 58389 വോട്ടുകൾ നേടിയ യു ഡി എഫ് സ്ഥാനാർത്ഥി 18840 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് വിജയിച്ചത്. യു ഡി എഫ് സീറ്റ് നിഷേധിച്ചതോടെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മുഖമായിരുന്ന ഡോ പി സരിൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു.

Related Articles

Latest Articles