Tuesday, December 16, 2025

25 ലക്ഷം രൂപയ്ക്ക് സീറ്റ് വിറ്റ പാർട്ടിയാണ് സിപിഐ ! സിപിഐയ്‌ക്കെതിരെ പേയ്‌മെന്റ് സീറ്റ് ആരോപണവുമായി പി വി അൻവർ

ആലപ്പുഴ: സിപിഐയ്‌ക്കെതിരെ പേയ്‌മെന്റ് സീറ്റ് ആരോപണവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. ഏറനാട് സീറ്റ് കച്ചവടം നടത്തിയ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ സിപിഐയെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവനാണ് സീറ്റ് വിറ്റതെന്നും പി വി അൻവർ ആരോപിച്ചു.ബിനോയ് വിശ്വം തനിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് അൻവറിന്റെ ആരോപണങ്ങൾ.

“2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ. സീറ്റ് കച്ചവടം നടത്തി. 25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് സിപിഐ. മുസ്ലിം ലീ​ഗിന് വിറ്റു. സീറ്റ് ധാരണയ്ക്കായി ലീ​ഗ് നേതാവ് യൂനുസ് കുഞ്ഞ് സമീപിച്ചത് വെളിയം ഭാർ​ഗവനെയാണ്. സിപിഐ. നേതാക്കൾ കാട്ടുകള്ളന്മാരാണ് തുറന്ന ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നു.

സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ചുനടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ സിപിഐയുടെ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചത് പ്രകാരം 50രൂപയുടെ സ്റ്റാമ്പ് പേപ്പറുമായി വരാനാണ് തന്നോട് പറഞ്ഞിരുന്നത്. സിപിഐയുടെ ഭാഗമായി നില്‍ക്കുമെന്നും നിലപാടില്‍ മാറ്റമുണ്ടാവില്ലെന്നും മുദ്രപത്രത്തില്‍ എഴുതി ഒപ്പിടുവിക്കുവാനായിരുന്നു തീരുമാനം. പിന്നീട് അന്നത്തെ സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ ഇടപെടല്‍ ഉണ്ടായി. അതിനുശേഷമാണ് സ്ഥാനാര്‍ഥിത്വം മാറ്റി പ്രഖ്യാപിക്കപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ 49000 വോട്ടിന് താന്‍ രണ്ടാമതെത്തിയെങ്കിലും സിപിഐ സ്ഥാനാര്‍ഥിക്ക് 2300 വോട്ടുമാത്രമാണ് ലഭിച്ചത്. കെട്ടിവെച്ച കാശ് പോയി. വെളിയംഭാര്‍ഗവനെ കൊല്ലത്ത് സ്വാധീനിച്ചത് മുസ്ലീം ലീഗാണ്. ലീഗ് നേതാവ് യൂനുസ് കുഞ്ഞ് വഴി 25 ലക്ഷം രൂപയാണ് പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കിയത്.

പാര്‍ട്ടി ഫണ്ട് കൊടുക്കാത്തതിനാലാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാതിരുന്നത് എന്ന് അക്കാലത്തുതന്നെ താന്‍ പരസ്യമായി പ്രതികരിച്ചതാണ്. ശേഷം വെളിയം ഭാര്‍ഗവന്‍ തനിക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കുകയുമുണ്ടായി. മറുപടി തെളിവുകള്‍ സഹിതം നിയമപരമായി കൊടുത്തെങ്കിലും പിന്നെയൊരു അനക്കവും സിപിഐയില്‍ നിന്നും ഉണ്ടായിട്ടില്ല.”- പി വി അൻവർ പറഞ്ഞു.

Related Articles

Latest Articles