രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. പ്രിയങ്കാഗാന്ധിയുടെ കന്നിയങ്കത്തിനാകും വയനാട് സാക്ഷ്യം വഹിക്കുക .
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നൽകിയിരുന്നു. വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ പകരം പ്രിയങ്ക ഗാന്ധി എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

