Monday, December 15, 2025

പിണറായിക്ക് വാനോളം പുകഴ്ത്തൽ; സജി ചെറിയാന് വിമർശനം; സംഘടനാപരമായ ദൗർബല്യങ്ങൾ നിലനിൽക്കുന്നു; ബിജെപി വളരുന്നു; സിപിഎം സംഘടനാ റിപ്പോർട്ട് ഇങ്ങനെ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി സിപിഎം സംഘടനാ റിപ്പോർട്ട്. കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് സംഘടനാ റിപ്പോർട്ട് സമർപ്പിച്ചത്. ഭരണത്തിന്റെ തിരക്കുകൾക്കിടയിലും പാർട്ടി കാര്യങ്ങളിൽ പിണറായി വിജയൻ അതീവ ശ്രദ്ധാലുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുഖ്യമന്ത്രിയെ പുകഴ്ത്തുന്നുണ്ടെങ്കിലും മന്ത്രി സജി ചെറിയാനെതിരെ റിപ്പോർട്ടിൽ വിമർശനമുണ്ട്. സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമുണ്ട്. കുന്തവും കുടച്ചക്രവും ഉൾപ്പെടുത്തിയുള്ള ഭരണഘടനയെ കുറിച്ചുള്ള പരാമർശമാണ് വിമർശനത്തിന് ഇടയാക്കിയത്. മന്ത്രിയുടെ നിരവധി പ്രസ്താവനകൾ അടുത്തിടെ വിവാദമായിരുന്നു.

ഇ പി ജയരാജനെ എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് തന്നെയെന്ന് റിപ്പോർട്ട് സമ്മതിക്കുന്നു. സ്വയം ഒഴിവായതാണെന്ന ഇ പിയുടെ മുൻനിലപാട് ഇതോടെ പൊളിഞ്ഞു. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിനാണ് ജയരാജനെതിരെ പാർട്ടി നടപടിയെടുത്തത്. സംഘടനാപരമായ ദൗർബല്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കേഡർമാർക്ക് പാർട്ടി വിദ്യാഭ്യാസം കുറയുന്നു. പ്രവർത്തകർക്ക് ജനങ്ങളുമായി നേരിട്ടുള്ള ബന്ധമില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

വിഭാഗീയത ഇല്ലാതായതായി റിപ്പോർട്ട് അവകാശപ്പെടുന്നു. എൽ ഡി എഫ് സർക്കാർ വീണ്ടും തുടർഭരണം നേടുമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ബിജെപി വളരുന്നു. പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോരുന്നതായും സംഘടനാ റിപ്പോർട്ട് പറയുന്നു. ഇന്നലെയാണ് കൊല്ലത്ത് പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ പതാക ഉയർത്തൽ നടന്നു. ഇന്നുമുതൽ സമ്മേളന നടപടികൾ ആരംഭിച്ചു

Related Articles

Latest Articles