പാതിരാ റെയ്ഡും ട്രോളിബാഗും ഹസ്തദാന വിവാദവും ഏറ്റവുമൊടുവിൽ പത്ര പരസ്യം വരെയുള്ള വിവാദങ്ങൾ ഉയർന്നു വന്നിട്ടും പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനം മാത്രം ലഭിച്ചു എന്നത് ഇടത് പക്ഷത്തെ ഞെട്ടിക്കുകയാണ്. 2021ന് അപേക്ഷിച്ച് 723 വോട്ടുകൾ കൂടുതൽ നേടാനായി എന്നത് മാത്രമാണ് ചെറിയ ആശ്വാസം. മന്ത്രി എം ബി രാജേഷും എ എ റഹീമും അടക്കമുള്ള നേതൃത്വം മെനഞ്ഞ തന്ത്രങ്ങൾ എല്ലാം തകർന്നു തരിപ്പണമായി. കഴിഞ്ഞ രണ്ടു തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽഡിഎഫിന് ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ഇക്കാര്യത്തിൽ ഹാട്രിക്കും തികച്ചു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ സരിന് സീറ്റ് നൽകിയതോടെ സീറ്റ് മോഹിച്ചു വന്ന ആൾ എന്ന പ്രചാരണം തുടക്കം മുതൽ സരിനെതിരെ ഉണ്ടായി. സരിൻ വയ്യാവേലിയാകുമോ എന്ന സംശയം പ്രവർത്തകർക്ക് പോലും ഉണ്ടായി. പിന്നീട് കോൺഗ്രസ് പക്ഷത്തുനിന്ന് ഒട്ടേറെ പേരെ മറുകണ്ടം ചാടിച്ച് സരിൻ സ്വന്തം പാളയത്തിൽ എത്തിച്ചെങ്കിലും അതും വോട്ടായില്ല. നീലപ്പെട്ടി, പാതിരാ റെഡ് എന്നിങ്ങനെ പലവിധ നാടകങ്ങളും ഇതിനിടെ അരങ്ങേറി. കൃഷ്ണദാസിനെ പോലുള്ള നേതാക്കൾ ആ നാടകത്തെ തള്ളിപ്പറഞ്ഞത് സ്വന്തം പാർട്ടി അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. എംവി ഗോവിന്ദന്റെ എല്ലാ ആശിർവാദത്തോടെയും കൂടി മന്ത്രി എം ബി രാജേഷ് ആണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. രാജേഷിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന് ഏറ്റ പരാജയം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

