കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകി സിപിഎം. വിരമിച്ച കണ്ണൂര്‍ എസിപി ടി.കെ. രത്‌നകുമാര്‍ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ മത്സരിക്കും. കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെയാണ് അദ്ദേഹം മത്സരിക്കുക. എൽഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർഥിയാണ് അദ്ദേഹം എന്നാണ് ലഭിക്കുന്ന വിവരം.അന്വേഷണത്തില്‍ അട്ടിമറി ഉണ്ടായെന്നും പി.പി. ദിവ്യയ്ക്ക് അനുകൂലമായാണ് അന്വേഷണം നടന്നതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാണിച്ച് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേല്‍നോട്ടംവഹിച്ചത് ടി.കെ. രത്‌നകുമാര്‍ ആയിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം ഈ വര്‍ഷം മാര്‍ച്ചിലാണ് രത്‌നകുമാർ അദ്ദേഹം വിരമിച്ചത്. ശ്രീകണ്ഠാപുരം നഗരസഭയില്‍ ഉള്‍പ്പെടുന്ന കോട്ടൂര്‍ സ്വദേശിയാണ് രത്‌നകുമാര്‍. നിലവില്‍ കണ്ണൂരിലാണ് താമസിക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കോട്ടൂര്‍ വിജയം ഉറപ്പുള്ള വാര്‍ഡാണ്.

