തിരുവനന്തപുരം: അഴിമതി നിറഞ്ഞ തിരുവനന്തപുരം നഗരസഭാ ഭരണം മാറിയാല്‍ മാത്രമേ തലസ്ഥാന നഗരത്തിന് വികസനമുണ്ടാവുകയുള്ളുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായല്ല ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്. മറിച്ച്, കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാനുള്ള അവസരമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്തമംഗലം സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ ഐപിഎസിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ശാസ്തമംഗലം എന്‍എസ്എസ് ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തിരുവനന്തപുരം നഗരത്തിന്റെ ഭാവി എന്താവണം, ഏതു ദിശയില്‍ വേണം നഗരത്തിന്റെ മുന്നോട്ടുള്ള വികസനം എന്ന് തീരുമാനിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്. പരമ്പരാഗതമായി തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശരാശരി കുറയുന്ന പതിവുണ്ട്. ഇതിന്റെ പ്രയോജനം മുതലാക്കി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മുപ്പതും നാല്‍പ്പതും കൊല്ലങ്ങളാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഭരിച്ച് കുളമാക്കുന്നത്. തുടര്‍ച്ചയായി പതിറ്റാണ്ടുകള്‍ ഭരിച്ചിട്ടും യാതൊന്നും ചെയ്യാത്ത, അഴിമതി നിറഞ്ഞ ഭരണ സംവിധാനങ്ങളാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്നത്. തിരുവനന്തപുരം നഗരസഭ തന്നെ ഇതിന് ഉദാഹരണമാണ്. ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത ഭരണമാണ് കാലങ്ങളായി ഇവിടെ നടക്കുന്നത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ഭരണസംസ്‌ക്കാരത്തില്‍ മാറ്റം വരേണ്ടതുണ്ട്.
തിരുവനന്തപുരം നഗരത്തെ നന്നാക്കാനിറങ്ങിയ 101 പ്രവര്‍ത്തകരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. മികവിന്റെ രാഷ്ട്രീയമാണ് ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വെയ്ക്കുന്നത്. വികസിത കേരളവും വികസിത തിരുവനന്തപുരവുമാണ് ബിജെപിയുടെ ലക്ഷ്യം.ബിജെപി ഓഫീസുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ 38,000 മലയാളികളുടെ പ്രശ്‌നങ്ങളാണ് കഴിഞ്ഞ ആറുമാസംകൊണ്ട് ബിജെപി പരിഹരിച്ചത്. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെപ്പോലെ മികവാര്‍ന്ന സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഇത്തവണ നഗരസഭയില്‍ മത്സരിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിനും നഗരവാസികള്‍ക്കും ആര്‍. ശ്രീലേഖയെപ്പോലെയുള്ളവരുടെ സേവനം ലഭ്യമാക്കാനാണ് ബിജെപിയുടെ ശ്രമം.
എല്ലാം ശരിയാകും എന്ന വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ സിപിഎം ഭരണം തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളുടെ വികസനം ഇല്ലാതാക്കി. തലസ്ഥാന നഗരമായിട്ടും രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നും ഇടംപിടിക്കാന്‍ തിരുവനന്തപുരത്തിന് സാധിക്കുന്നില്ല. കപട വാഗ്ദാനങ്ങള്‍ വിശ്വസിച്ച് കാലാകാലം വോട്ട് നല്‍കിയ തിരുവനന്തപുരംകാരെ വഞ്ചിച്ച ഇരുമുന്നണികളും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും.
രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയില്ല, ഇംഗ്ലീഷ് പറഞ്ഞാണ് ബിജെപിയെ നയിക്കുന്നത് എന്നൊക്കെയാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ ആശങ്ക. അതു സമ്മതിക്കാം, പക്ഷേ അതൊരിക്കലും തിരുവനന്തപുരം നഗരവാസികളുടെ പ്രശ്‌നമല്ല. എന്റെ ഭാഷയോ എന്റെ കുര്‍ത്തയോ എന്റെ ഭക്ഷണമോ ജനങ്ങളുടെ പ്രശ്‌നമല്ല. അവരുടെ പ്രശ്‌നം ഇവിടുത്തെ മാലിന്യനീക്കം നിലച്ചതും അഴിമതിയും ആരോഗ്യസംവിധാനങ്ങളിലെ പരാജയവുമാണ്. മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികളും കോണ്‍ഗ്രസും സിപിഎമ്മുമൊക്കെയാണ് അതിന് സമാധാനം പറയേണ്ടത്. ഇന്ത്യന്‍ ഭാഷകളറിയാത്ത സോണിയാഗാന്ധിയെ നേതാവാക്കി വെച്ചതും മലയാളമറിയാത്ത രാഹുല്‍ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും വയനാട്ടിലെ പാവം ജനങ്ങളുടെ മേല്‍ കെട്ടിവെച്ചതും കോണ്‍ഗ്രസ് ആണെന്ന കാര്യമെങ്കിലും കെ മുരളീധരന്‍ ഓര്‍ക്കണം.”- രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ആര്‍.ശ്രീലേഖ ഐപിഎസ്, മധുസൂദനൻ നായർ, ഏരിയ സെക്രട്ടറി അജിത്, പദ്മകുമാർ, ജയചന്ദ്രൻ, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
പുന്നയ്ക്കാമുഗള്‍ സ്ഥാനാര്‍ത്ഥി മഹേശ്വരന്‍നായരുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉദ്ഘാടനം ചെയ്തു.

