സ്വാതന്ത്ര്യത്തിന് ജീവന്‍ ബലിനല്‍കിയ ഭഗത് സിങ്ങിനെ മലബാർ ഹിന്ദു വംശഹത്യക്ക് നേതൃത്വം കൊടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് താരതമ്യം ചെയ്ത സ്പീക്കര്‍ എം.ബി. രാജേഷ്, സിപിഎമ്മിന്റെ തലതൊട്ടപ്പന്‍ ഇ.എം. എസ് നമ്പൂതിരിപ്പാടിന്റെ ശരിയായ പിന്‍മുറക്കാരനായി. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ ഇസ്ലാമിക തീവ്രവാദ സംഘടനാത്തലവന്‍ അബ്ദുള്‍ നാസര്‍ മദനിയുമായി താരതമ്യം ചെയ്തായിരുന്നു അന്ന് ഇഎംഎസിന്റെ വാദം. എന്നാല്‍, ഇഎംഎസിനെ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് പിന്നീട് തള്ളിപ്പറഞ്ഞു, ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പക്ഷേ, എം.ബി. രാജേഷിനെ പിന്തുണയ്ക്കുന്നുണ്ട്
1993 ല്‍ ഒറ്റപ്പാലം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ഇഎംഎസ് മദനിയെ മഹാത്മാ ഗാന്ധിയോട് താരതമ്യപ്പെടുത്തി ന്യായീകരിച്ചത്. ചരിത്രത്തിലെ കുപ്രസിദ്ധമായ ആ നിലപാട് ഇങ്ങനെയായിരുന്നു: ”മഹാത്മാ ഗാന്ധി രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരം വിജയിപ്പിക്കാന്‍ രാമരാജ്യം എന്ന സങ്കല്‍പ്പം എങ്ങനെ വിനിയോഗിച്ചുവോ അതുപോലെയാണ് അബ്ദുള്‍ നാസര്‍ മദനി ഇസ്ലാമിക വിശ്വാസത്തെ ഒരു മഹത്തായ ആവശ്യത്തിന് വിനിയോഗിക്കുന്നത്” എന്ന്. ഇഎംഎസ് അന്ന് ഗാന്ധിജിയെയും മദനിയേയും തുല്യരാക്കി. ഇസ്ലാമിക തീവ്രവാദത്തെ സ്വാതന്ത്ര്യ സമരത്തിന് തുല്യമാക്കി. രാമരാജ്യവാദവും ഇസ്ലാമിക രാജ്യവും തുല്യമെന്ന് പ്രസ്താവിച്ചു. ഇസ്ലാമിക മത തീവ്രവാദത്തിലൂടെ ഇസ്ലാമിക രാജ്യസ്ഥാപനം ലക്ഷ്യമിട്ട് ഐഎസ്എസ് സ്ഥാപിച്ച് നയിച്ച്, രാജ്യദ്രോഹക്കുറ്റത്തിന് ജെയിലിലായ മദനിയെയാണ് തലമൂത്ത സഖാവ് അന്ന് മഹാത്മാവാക്കിയത്.
ഏറെ വിമര്‍ശനങ്ങളും വിവാദങ്ങളുമുണ്ടാക്കിയ ആ താരതമ്യത്തിനു ശേഷം മദനിയുടെ തനിനിറം എല്ലാവര്ക്കും വ്യക്തമായി. ഇടതുപക്ഷ സര്‍ക്കാര്‍തന്നെയാണ് ഭീകര പ്രവര്‍ത്തനത്തിന് മദനിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ഒറ്റപ്പാലം തെരഞ്ഞെടുപ്പില്‍, ആ താരതമ്യത്തിലൂടെ ഒരു ലക്ഷം വോട്ട് അധികം നേടി സിപിഎമ്മിന്റെ സ്ഥാനാര്‍ഥി എം. ശിവരാമനെ ഇഎംഎസ് വിജയിപ്പിച്ചെടുത്തു.
വിവാദങ്ങള്‍ക്കൊടുവില്‍, 16 വര്‍ഷത്തിന് ശേഷം 2009 ഏപ്രിലില്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുര്‍ജിത്, പാര്‍ട്ടിയുടെ ഔദ്യോഗിക മുഖപത്രമായ പീപ്പിള്‍സ് ഡെയ്ലിയില്‍, ഇഎംഎസ് മദനിയെ മഹാത്മാഗാന്ധിയോട് താരതമ്യം ചെയ്തത് പാര്‍ട്ടി നിലപാടല്ലെന്ന് ലേഖനമെഴുതി. മരണാനന്തരമായതിനാല്‍ ഇഎംഎസിനെതിരേ പാര്‍ട്ടിതല നടപടിയൊന്നും ഉണ്ടായില്ല.
ഇഎംഎസ് നടത്തിയ ‘മഹാത്മാ ഗാന്ധി ഹത്യ’യേക്കാളും വളരെ ഗൗരവമേറിയതാണ് എം.ബി. രാജേഷിന്റെ ‘ഭഗത് സിങ് ഹത്യ’യെന്ന് ഇഎംഎസ് പാര്‍ട്ടിസ്ഥാനങ്ങള്‍ പോലുമില്ലാഞ്ഞ കാലത്താണ് അത് ചെയ്തത്. എന്നാല്‍, എം.ബി. രാജേഷ് സംസ്ഥാന നിയമസഭാ സ്പീക്കര്‍ എന്ന ഭരണഘടനാപരമായ പദവിയിലാണ്. ആ പദവിയിലിരുന്നാണ് സ്വാതന്ത്ര്യസമരനേതാവായ ഭഗത് സിങ്ങിനെ കൂട്ടക്കൊലയുടെ നേതാവിനോട് തുലനം ചെയ്തത്. മാത്രമല്ല, പറഞ്ഞത് ഇപ്പോഴും സ്പീക്കര്‍ ആവര്‍ത്തിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നത് കുഴപ്പങ്ങള്‍ വര്‍ധിപ്പിക്കുന്നു.അയോധ്യയില്‍ തര്‍ക്കമന്ദിരം തകര്‍ന്നതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക രാഷ്ട്രീയ വോട്ട് നേടാനായിരുന്നു മദനിയെ ഇഎംഎസ് മഹാനാക്കിയത്. വാരിയംകുന്നനെ മഹത്വവല്‍ക്കരിക്കാനുള്ള സ്പീക്കറുടെ ശ്രമവും ഇസ്ലാമിക രാഷ്ട്രീയ പിന്തുണ ലക്ഷമിട്ടാണെങ്കിലും ഇത് കൂടുതല്‍ അപകടകരമാണെന്നാണ് നമുക്ക് മനസ്സിലാകുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

