Friday, December 12, 2025

സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിമാറ്റിയ സിപിഎമ്മുകാർ 30 വർഷങ്ങൾക്ക് ശേഷം കീഴടങ്ങി ; യാത്രയയപ്പിനെത്തി കെ കെ ശൈലജ ഉൾപ്പെടെയുള്ള നേതാക്കൾ

കണ്ണൂർ : രാജ്യസഭാംഗവും പ്രമുഖ ബിജെപി നേതാവുമായ സി സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിമാറ്റിയ സിപിഎമ്മുകാരായ പ്രതികൾ കോടതിയിൽ കീഴടങ്ങി. 30 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ പ്രതികൾ കീഴടങ്ങുന്നത്. കോടതിയിൽ കീഴടങ്ങുന്നതിന് മുമ്പ് മട്ടന്നൂര്‍ പഴശ്ശിയിൽ വെച്ച് നടത്തിയ സ്വീകരണത്തിൽ പ്രതികൾക്ക് യാത്രയയപ്പിനായി മട്ടന്നൂർ എംഎൽഎ കെ കെ ശൈലജ ഉൾപ്പെടെയുള്ളവർ എത്തിയതിനെതിരെ വലിയ വിമർശനം ഉയർന്നിട്ടുണ്ട് . സിപിഎം നേതാക്കൾ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതികളെ ജയിലിലേക്ക് അയച്ചത്.

വിചാരണ കോടതിയുടെ ശിക്ഷാവിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകിയശേഷം ജാമ്യത്തിൽ കഴിഞ്ഞു വരികയായിരുന്നു കേസിലെ 8 പ്രതികൾ. ഏഴുവർഷത്തെ തടവ് ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചിട്ടുള്ളത്.

1994 ജനുവരി 25-ന് ആയിരുന്നു കണ്ണൂർ പെരിഞ്ചേരിക്ക് സമീപം വെച്ച് സിപിഎം ഗുണ്ടകൾ സി സദാനന്ദൻ മാസ്റ്ററുടെ രണ്ടു കാലുകളും വെട്ടി മാറ്റിയിരുന്നത്. വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്ന പ്രതികളുടെ അപേക്ഷ സുപ്രീംകോടതിയും തള്ളിയ സാഹചര്യത്തിലാണ് ഇപ്പോൾ കോടതിക്ക് മുൻപാകെ പ്രതികൾ കീഴടങ്ങിയിരിക്കുന്നത്. കീഴടങ്ങിയ 8 പ്രതികളെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Related Articles

Latest Articles