Tuesday, December 16, 2025

കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പോലും പാർട്ടിക്കാരനായ കൊല്ലം എം എൽ എയെ കാണാനില്ല; ബലാത്സംഗക്കേസിൽപ്പെട്ട എം മുകേഷിനെ പാർട്ടി മാറ്റിനിർത്തി? ഇടപെട്ടത് വനിതാ പോളിറ്റ് ബ്യുറോ അംഗമെന്ന് സൂചന

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സ്ഥലം എം എൽ എ, എം മുകേഷിന്റെ അസാന്നിധ്യം ചർച്ചയാകുന്നു. 30 വർഷങ്ങൾക്ക് ശേഷമാണ് പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സമ്മേളന നടപടികൾ ആരംഭിച്ചത് ഇന്നാണെങ്കിലും സമ്മേളനവുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾ ദിവസങ്ങളായി നടക്കുകയാണ്. ഇതിലൊന്നും പാർട്ടി എം എൽ എ പങ്കെടുത്തിരുന്നില്ല. മുകേഷിനെതിരെയുള്ള ബലാത്സംഗക്കേസിൽ പോലീസ് കുറ്റപത്രം നൽകിയ സാഹചര്യത്തിൽ സമ്മേളന പരിപാടികളിൽ നിന്ന് പാർട്ടി മാറ്റി നിർത്തിയിരിക്കുന്നുവെന്നാണ് സൂചന.

ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഒരു നടി നൽകിയ പീഡന പരാതിയാണ് മുകേഷിന് വിനയായത്. കേസിന്റെ പശ്ചാത്തലത്തിൽ മുകേഷ് എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ എം എൽ എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ല എന്നായിരുന്നു പാർട്ടി തീരുമാനം. എന്നാൽ സിപിഎം കേന്ദ്ര നേതൃത്വം മുകേഷിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. നിലവിൽ പാർട്ടി സമ്മേളനത്തിൽ നിന്ന് മുകേഷിനെ മാറ്റി നിർത്തിയിരിക്കുന്നത് ഒരു വനിതാ പി ബി അംഗത്തിന്റെ ഇടപെടലിനെ തുടർന്നാണെന്നും സൂചനയുണ്ട്.

ഇന്നലെയാണ് പാർട്ടി സമ്മേളനത്തിന്റെ പതാക ഉയർത്തൽ നടന്നത്. എന്നാൽ എം എൽ എ എം മുകേഷ് നിലവിൽ എറണാകുളത്താണ്. വ്യക്തിപരമായ കാരണങ്ങളാലാണ് മുകേഷ് സമ്മേളനത്തിൽ പങ്കെടുക്കാത്തത് എന്നാണ് പാർട്ടി നൽകുന്ന വിശദീകരണം.

Related Articles

Latest Articles