ചെങ്ങന്നൂർ: ഓണാട്ടുകരയുടെ അനുഷ്ഠാനരൂപമായ ജീവത എഴുന്നള്ളത്തിനെ വികലമായി പ്രദർശിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹിന്ദു ആചാരങ്ങളെ അപമാനിക്കുന്ന തരത്തിൽ സിപിഎം ജാഥയിൽ കാട്ടുന്ന കോപ്രായങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 05:30 ന് ചെങ്ങന്നൂർ ഡിജി ജംഗ്‌ഷനിലാണ് പ്രതിഷേധയോഗം നിശ്ചയിച്ചിരിക്കുന്നത്. വിവിധ ഹിന്ദു സംഘടനാ നേതാക്കൾ യോഗത്തിൽ സംസാരിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയപ്രതിരോധ ജാഥ ചെങ്ങന്നൂരിൽ എത്തിയപ്പോഴയായിരുന്നു, ഹിന്ദു വിശ്വാസങ്ങളുടെ പവിത്രതയെപ്പോലും ചോദ്യം ചെയ്യുന്ന രീതിയിൽ ജീവത എഴുന്നള്ളത്തിനെ വികലമായി ചിത്രീകരിക്കുന്ന സംഭവം ഉണ്ടായത്. ഓണാട്ട് കരയിലെ ഹൈന്ദവ ജനതയുടെ ഏറ്റവും പ്രധാനപെട്ട ചടങ്ങാണ് ജീവത എഴുന്നള്ളത്ത്. കുത്തു വിളക്കിലേക്ക് ദീപം പകർന്ന് പാണികൊട്ടി ശ്രീലകത്ത് നിന്നും ദേവനെയോ ദേവിയെയോ പുറത്തേക്കെഴുന്നള്ളിച്ച് ജീവതയിലേക്ക് കുടിയിരുത്തി നാലമ്പലത്തിനു പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഏറ്റവും ഉജ്ജ്വലമായ ഒരു ദൈവിക ചടങ്ങാണിത്.

