പത്തനംത്തിട്ട: ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് തോറ്റതിന് പിന്നാലെ വിവാദ പോസ്റ്റിട്ട സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി വന്നേക്കും. തോമസ് ഐസകിന്‍റെ സ്ഥാനാർഥിത്വം തന്നെ പരിഹസിച്ചുള്ള പോസ്റ്റും തുടർന്നുള്ള വിവാദങ്ങളും ചർച്ച ചെയ്യാൻ ഇന്ന് ഏരിയ കമ്മിറ്റി ചേരും.
രാജു എബ്രഹാമിനെ മത്സരിപ്പിക്കുന്നതായിരുന്നു ഉചിതമെന്ന് സൂചിപ്പിക്കുന്ന പോസ്റ്റണ് ഏരിയ കമ്മിറ്റി അംഗം അൻസാരി അസീസ് ഫേസ്ബുക്കിലിട്ടത്. ജില്ലയിൽ രൂക്ഷമായിരുന്ന വിഭാഗീയതയാണ് ഐസകിന്‍റെ പരാജയത്തിന്‍റെ ആക്കം കൂട്ടിയതെന്ന വിലയിരുത്തൽ സംസ്ഥാന നേതൃത്വത്തിനുണ്ട്. വോട്ട് ചോർച്ച പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കും എന്നാണ് വിവരം.
സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’- എന്നായിരുന്നു പോസ്റ്റ്. എന്നാൽ തോൽവിക്ക് പിന്നാലെ ഇട്ട പോസ്റ്റ് വിവാദമായതോടെ അൻസാരി അസീസ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

