Thursday, December 18, 2025

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യയിൽ സിപിഎം കുരുക്കിലേക്ക്; മുൻ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകം

ഇടുക്കി: കട്ടപ്പനയിൽ നിക്ഷേപം തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത കേസിൽ നിർണായകമായ ശബ്‌ദ സന്ദേശം പുറത്ത് .നിക്ഷേപകൻ സാബുവിനെ സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി ഭീഷണിപ്പെടുത്തിയ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നത് .താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു.

എന്നാൽ ഇതിനു മറുപടിയായി ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് സജി തിരിച്ച് ചോദിക്കുന്നത്. വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി, ‘പണി മനസ്സിലാക്കി തരാം’ എന്ന് സാബുവിനെ ഭീഷണിപ്പെടുത്തി. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.കേസിൽ കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കിൽ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്
അതേസമയം പ്രാഥമിക പരിശോധനയിൽ സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.നിക്ഷേപിച്ച തുക തിരിച്ചു കിട്ടില്ലെന്നറിഞ്ഞതിനെ തുടർന്നാണ് വ്യാപാരി സാബു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്

Related Articles

Latest Articles