മറുനാടൻ മലയാളി ചാനലിന്റെ ഉടമ ഷാജൻ സ്കറിയക്ക് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവർത്തകർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ചാണ് ഷാജൻ സ്കറിയക്ക് മർദ്ദനമേറ്റത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം കാറിൽ മടങ്ങുകയായിരുന്ന അദ്ദേഹത്തെ പിന്തുടർന്നെത്തിയ ഒരു സംഘം ആളുകൾ വാഹനം
തടഞ്ഞുനിർത്തിആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ ഷാജൻ സ്കറിയക്ക് നിസ്സാര പരിക്കേറ്റു. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കണ്ടെത്തിയിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കുവേണ്ടി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേർ അറസ്റ്റിലായത്. ഇവരെ ബെംഗളുരൂവിൽ നിന്നാണ് പോലീസ് പിടികൂടിയത് പ്രതികളെ തിരിച്ചറിഞ്ഞതായും, ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നും പോലീസ് വ്യക്തമാക്കി. കൂടുതൽ പ്രതികൾക്കുവേണ്ടി അന്വേഷണം തുടരുകയാണ്. ഷാജൻ സ്കറിയയുടെ മൊഴിയുടെയും സി.സി.ടി.വി. ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സിപിഎം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

