Sunday, December 14, 2025

വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു ! ഉഗ്രശബ്ദം കേട്ട് ഞെട്ടിയ നവജാതശിശു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കണ്ണൂര്‍ : വിവാഹാഘോഷത്തിനിടെ പൊട്ടിച്ച പടക്കത്തിന്റെ ശബ്ദം കേട്ട് 22 ദിവസം പ്രായമായ കുഞ്ഞ് അതിഗുരുതരാവസ്ഥയില്‍. കണ്ണൂര്‍ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെ.വി അഷ്‌റവിന്റെയും റിഹ്വാനയുടേയു കുഞ്ഞാണ് സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചത്. ശബ്ദം കേട്ട് കുഞ്ഞ് ഞെട്ടി ഉണരുകയും 15 മിനുറ്റോളം അബോധാവസ്ഥയിലാവുകയും ചെയ്തെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.

ഞായറാഴ്ച രാതി ആദ്യം ഉഗ്രശബ്ദത്തോടെ പടക്കം പൊട്ടിയതോടെ കുട്ടി ഞെട്ടുകയും അസാധാരണമായ ശബ്ദമുണ്ടാക്കുകയും ചെയ്‌തു. അഞ്ച് മിനിറ്റോളം കുഞ്ഞ് കണ്ണും വായും തുറന്ന അവസ്ഥയിലായിരുന്നു. കുറേസമയം കാലിലൊക്കെ തടവി കൊടുത്ത ശേഷമാണ് കുട്ടി സാധാരണ നിലയിലേയ്ക്കെത്തിയത്
തിങ്കളാഴ്ച പുലര്‍ച്ചെ വീണ്ടും പടക്കം പൊട്ടിച്ചു. ഈ ശബ്ദത്തോടെ ഞെട്ടിയ കുട്ടിയുടെ ശരീരം പെട്ടെന്ന് കുഴഞ്ഞുപോയി. 15 മിനിറ്റോളം കുട്ടി കണ്ണും വായും തുറന്ന അവസ്ഥയിലായി. പെട്ടെന്ന് കുട്ടിയുടെ നിറം മാറുകയും വായില്‍നിന്ന് നുര വരികയും ചെയ്തു. ഏറെ നേരം കഴിഞ്ഞ് കുഞ്ഞ് കണ്ണ് തുറന്നു.

വിവാഹത്തിനുശേഷം തിരിച്ചുവരുമ്പോള്‍ വീണ്ടും പടക്കം പൊട്ടലുണ്ടായെന്നും കുഞ്ഞിന്റെ അവസ്ഥ പറഞ്ഞിട്ടും ഇവര്‍ കേട്ടില്ലെന്നും പെട്ടെന്ന് കുഞ്ഞിനെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നുവെന്നും വീട്ടുകാർ ആരോപിച്ചു. പ്രസവത്തിന് ശേഷം വിദേശത്തേക്ക് തിരിച്ച കുഞ്ഞിന്റെ പിതാവ് അഷ്‌റവ് സംഭവമറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി. സംഭവുമായി ബന്ധപ്പെട്ട് കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഭാവിയില്‍ കുട്ടിക്ക് പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് വീട്ടുകാര്‍.

Related Articles

Latest Articles