കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. പൊതുവിഷയങ്ങളില്‍ നേതാക്കള്‍ക്കിടയില്‍ ഏകാഭിപ്രായം ഇല്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.ഡി സതീശനും പി.സി ചാക്കോയുമാണ് വിമര്‍ശനം ഉന്നയിച്ചത്. സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും നേതാക്കള്‍ വിമര്‍ശിച്ചു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിയാലോചന നടത്താറില്ലെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ കുറ്റപ്പെടുത്തി. സുധാകരന്‍ തന്നെ വന്ന് കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളിയും ആരോപിച്ചു. നേതാക്കള്‍ പരസ്പരം ആലോചന നടത്തുന്നില്ലെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. സമവായം ഉണ്ടാക്കേണ്ട ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡന്റിനാണെന്നും ആ ഉത്തരവാദിത്തം അദ്ദേഹം നിര്‍വഹിക്കുന്നില്ലെന്നും വി.ഡി സതീശന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശിച്ചു.
അതേസമയം പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഹിന്ദു വോട്ട് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി എസ്.ഡി.പി.ഐയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

