Tuesday, December 16, 2025

നിർണ്ണായക വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് അൻവർ; സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്; നിലമ്പൂരിൽ ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം

നിലമ്പൂർ: ഇടതുമുന്നണിയിൽ നിന്ന് പുറത്തായതിന് ശേഷം ശക്തിപ്രകടനം നടത്താൻ പി വി അൻവർ എം എൽ എ. നിലമ്പൂരിൽ ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം നടക്കും. വൈകുന്നേരം ചന്തക്കുന്നിൽ 6.30 നാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. 200 ലധികംപേർ പങ്കെടുക്കുമെന്ന് അൻവർ അവകാശപ്പെട്ടു. ഈ യോഗത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ ഉണ്ടാകുമെന്നാണ് സൂചന. ഉന്നത സിപിഎം നേതാക്കൾക്കെതിരെ ചില വെളിപ്പെടുത്തലുകളും തെളിവുകൾ പുറത്തുവിടലും ഉണ്ടാകുമെന്ന് അൻവർ പക്ഷം അറിയിക്കുന്നു. അതിനായി ദൃശ്യ ശ്രവ്യ സംവിധാനങ്ങൾ സമ്മേളനത്തിൽ ഒരുക്കിയിട്ടുണ്ട്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടി പൊതുയോഗത്തിൽ ഉണ്ടാകുമെന്നും അൻവർ പറഞ്ഞു.

അൻവറിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങൾ നടക്കുന്നത് ജില്ലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളെ പരസ്യമായി വിമര്ശിക്കുന്നതിനാൽ അൻവറിനു സുരക്ഷാ ഭീഷണിയുമുണ്ട്. പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു. അൻവറിന്റെ വീടിന് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചു. അൻവറിനെ അനുകൂലിച്ചും പ്രതികൂലിച്ചും ജില്ലയിൽ ഫ്ളക്സ് ബോർഡുകളും ഉയർന്നിട്ടുണ്ട്. കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല എന്ന വാക്കുകളോടെയും ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

എ ഡി ജി പി ക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അൻവർ സ്വന്തം പാളയത്തിൽ കലാപം തുടങ്ങിയത്. വാർത്താസമ്മേളനം വിളിച്ച് പരസ്യമായി പറഞ്ഞ ആരോപണങ്ങൾ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എഴുതി നൽകി കാത്തിരുന്നിട്ടും നടപടികളിൽ തൃപ്തനല്ല എന്ന് അൻവർ പറഞ്ഞിരുന്നു. ആരോപണങ്ങൾ അന്വേഷിക്കുമെന്നും എന്നാൽ ഇതിന്റെ പേരിൽ ആരെയും മാറ്റി നിർത്തുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് നേരെ തിരിഞ്ഞ സ്വതന്ത്ര എം എൽ എ യുമായുള്ള എല്ലാ ബന്ധങ്ങളും സിപിഎമ്മും എൽ ഡി എഫും ഒഴിവാക്കിയിരുന്നു. യു ഡി എഫും മുസ്ലിം ലീഗും സ്വാഗതം ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ അൻവർ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് പൊതുയോഗത്തിൽ ഉത്തരമുണ്ടാകുമോ എന്നും രാഷ്ട്രീയ കേരളം കാത്തിരിക്കുന്നു.

Related Articles

Latest Articles