കൊച്ചി : കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി പോലീസിൽ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് എം കളമശ്ശേരി. നാല് പേർ മരിച്ച അപകടത്തിന് ഉത്തരവാദി കൃത്യമായ സുരക്ഷ ഒരുക്കാത്ത കുസാറ്റ് വിസിയാണെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
“പോലീസിന്റെ അനുമതിയില്ലാത്തതും, മതിയായ സുരക്ഷയൊരുക്കാതെയുമാണ് പരിപാടി നടത്താൻ വിസി അനുമതി നൽകിയത്. അതിനാൽ നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഉത്തരവാദികൾ വൈസ് ചാൻസിലറടക്കം കുസാറ്റ് അധികൃതരാണ്. ഇവർക്കെതിരെ കേസെടുക്കണം.” – പരാതിയിൽ പറയുന്നു.
അതേസമയം കുസാറ്റിൽ ഗാനസന്ധ്യക്ക് തൊട്ട് മുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേരും മരിക്കാനിടയായത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസം ഉണ്ടായതായും മരിച്ച നാല് പേരുടേയും കഴുത്തിലും നെഞ്ചിലുമാണ് പരിക്കേറ്റിരുന്നതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുസാറ്റിലെ രണ്ടാം വർഷ സിവിൽ എഞ്ചിനിയറിങ് വിദ്യാർത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്, താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ചികിത്സയിൽ കഴിയുന്ന 24 പേരെ ഡിസ്ചാർജ് ചെയ്യാനും തീരുമാനിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഐസിയുവിൽ കഴിയുന്ന മൂന്നുപേരിൽ ഒരാളെയും മാറ്റും. ഇവരുടെയെല്ലാം ആരോഗ്യനിലയിൽ പുരോഗതി ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ തീരുമാനം. 10 പേർ ആശുപത്രിയിൽ തുടരുമെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപ്രതീക്ഷിത അപകടം. കുസാറ്റിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളും സ്‌കൂള്‍ ഓഫ് എന്‍ജിനിയറങ്ങിലെ വിദ്യാര്‍ഥികളും ഓഡിറ്റോറിയത്തിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ അവസാന ദിവസമായിരുന്നു ഇന്നലെ.
ഇതിന്റെ ഭാഗമായുള്ള ഗാനസന്ധ്യയിലേക്കുള്ള പ്രവേശനം ഡിപ്പാര്‍ട്ട്‌മെന്റിലെ കുട്ടികള്‍ക്കു മാത്രമായി നിയന്ത്രിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലേക്കു കടക്കാനായി കൂടുതല്‍ പേര്‍ ഗേറ്റിന് പുറത്തു കാത്തുനിന്നിരുന്നു. മഴ ചാറിയതോടെ ഗേറ്റ് തള്ളിത്തുറന്ന് കുട്ടികള്‍ കൂട്ടമായി ഉള്ളിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുകയും ഗേറ്റ് കടന്ന വിദ്യാർത്ഥികള്‍ തിരക്കില്‍പെട്ട് താഴെയുള്ള പടകളിലേക്കു വീഴുകയായിരുന്നു. ഇവര്‍ വീണതറിയാതെ പിന്നാലെ തള്ളിക്കയറിയവര്‍ ഇവരെ ചവിട്ടിയതാണ് മരണകാരണമെന്നാണ് കരുതുന്നത്.

