തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം. 16 ദിവസത്തെ റിമാന്‍ഡിനുശേഷമാണ് രാഹുൽ ഈശ്വറിന് ഉപാധികളോടെ ഇന്ന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് രാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളിൽ അകപ്പെടാൻ പാടില്ല തുടങ്ങിയവയാണ് ഉപാധികൾ. രാഹുൽ അന്വേഷണവുമായി സഹകരിക്കാത്തിനാൽ രണ്ടു ദിവസത്തെ കസ്റ്റഡിവേണമെന്ന് പ്രോസിക്യൂഷൻ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ആവശ്യപ്പെട്ടിരുന്നു. 16 ദിവസമായി റിമാൻഡിലാണെന്ന് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുൽ ഈശ്വറിന്‍റെ അഭിഭാഷകൻ വാദിച്ചു. ഇത്രയും ദിവസത്തിനു ശേഷം ഇനി എന്തിനാണ് വീണ്ടും കസ്റ്റഡിയെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിലെ മറ്റൊരു പ്രതി സന്ദീപാ വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
നവംബര്‍ 30ന് വൈകുന്നേരമാണ് അതിജീവിതയുടെ പരാതിയിൽ കേസെടുത്ത പോലീസ്, രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. ശേഷം എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

