തിരുവനന്തപുരം : കെ.ജെ. ഷൈനിനെതിരെ സൈബർ ആക്രമണത്തിലും അപവാദ പ്രചരണത്തിലും നടപടി. കേസിൽ കെ.എം. ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു . തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തിയാണ് കെ.എം. ഷാജഹാനെ എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തത് . ഷാജഹാനുമായി പോലീസ് സംഘം കൊച്ചിയിലേക്ക് പോകും. വൈദ്യ പരിശോധന കൊച്ചിയിലാകും നടത്തുക.കേസിൽ നേരത്തെ കെ.എം. ഷാജഹാനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ, അന്വേഷണത്തിൽ നിർണായകമായ ചില തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് സൂചന.
ഷാജഹാന്‍റെ ഫോൺ അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് നൽകിയിരുന്നില്ല. കെ ജെ ഷൈനിന്‍റെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ലെന്ന നിലപാടാണ് അന്വേഷണസംഘത്തിന് മുന്നിൽ ഷാജഹാൻ കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നത്.
ഷാജഹാൻ പങ്കുവെച്ചുവെന്ന് പറയുന്ന അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താനായി പോലീസ് മെറ്റയോട് വിവരങ്ങൾ തേടിയിരുന്നു. എന്നാൽ, മെറ്റ വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ചു. തുടർന്ന് മെറ്റയിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഇന്റർപോൾ മുഖേന ഇടപെടാൻ സംസ്ഥാന പോലീസ് മേധാവി സർക്കാരിന്റെ പ്രത്യേക അനുമതി തേടി. ഷാജഹാനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നതെന്നാണ് വിവരം

