കോട്ടയം: കോട്ടയം കോതനല്ലൂരിൽ സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുത്തിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി അരുൺ ഒളിവിലായിരുന്നു. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.
അരുണുമായുള്ള സൗഹൃദം ആതിര സമീപ കാലത്ത് ഉപേക്ഷിച്ചിരുന്നു. യുവതിക്ക് വിവാഹ ആലോചകൾ വരുന്നതറിഞ്ഞ അരുൺ സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപങ്ങൾ നടത്തിയിരുന്നു. യുവതിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്ന് ഇയാൾക്കെതിരെ യുവതി കടുത്തുരുത്തി പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

