തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് സൈബര്‍ ലോകത്ത് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ പറഞ്ഞു. ഡിജിറ്റല്‍ ലോകത്ത് ലഭ്യമായ വിവരങ്ങളില്‍ ഏതാണ് സ്വീകരിക്കേണ്ടത് എന്ന വിവേചനാധികാരം കുട്ടികള്‍ തന്നെ വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവബോധം നല്‍കുന്നതിന് കേരളാ പോലീസും സൈബര്‍ ഡോമും സംയുക്തമായി സംഘടിപ്പിച്ച കിഡ് ഗ്ലൗവ് എന്ന ബോധവല്‍കരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു കുട്ടികള്‍ വീതമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഈ കുട്ടികള്‍ തങ്ങളുടെ സ്‌കൂളിലെ മറ്റ് കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള പാഠങ്ങള്‍ പകര്‍ന്നു നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 500ലേറെ കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

