Monday, December 22, 2025

ദാ വന്നു….! ദേ പോയി….! സഹായം ധനം എത്തിയതിന് പിന്നാലെ അക്കൗണ്ടിൽ നിന്നും ഇഎംഐ പിടിച്ചു ; വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരോട് ഗ്രാമീൺ ബാങ്കിന്റെ ക്രൂരത

വയനാട് : ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നൽകിയ സഹായധനത്തിൽ നിന്നും ഇഎംഐ പിടിച്ച് കേരള ഗ്രാമീൺ ബാങ്ക്. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികൾക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. ദുരന്തബാധികർക്ക് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതിയും സർക്കാരും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് സഹായധനത്തിൽ നിന്നും പണം ബാങ്കുകൾ ഈടാക്കിയിരുന്നത്.

മൂവായിരം രൂപ മുതലാണ് ബാങ്ക് ഈടാക്കിയിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, വാടകവീടുകളിലേക്ക് മാറുന്നതിനും അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായാണ് സർക്കാർ സഹായ ധനം നൽകിയത്. 10,000 രൂപയായിരുന്നു കൈമാറിയത്. കൃഷി ആവശ്യത്തിനും പശുവുൾപ്പെടെയുള്ള വളർത്ത് മൃഗങ്ങളെ വാങ്ങുന്നതിനായിരുന്നു ഇവർ ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നത്. എന്തായാലും, സഹായമായി ലഭിക്കുന്ന പണത്തിൽ നിന്നും വായ്പ പിടിക്കരുത് എന്നാണ് ദുരിതബാധിതർ പറയുന്നത്. വായ്പ തിരിച്ചടവിന് സാവകാശം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ എസ്എൽബിസിയുടെ വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയൂ എന്നാണ് ഗ്രാമീൺ ബാങ്കിന്റെ വിശദീകരണം.

Related Articles

Latest Articles