നടി രശ്മിക മന്ദാനയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഞായറാഴ്ച്ചയാണ് രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫെയ്ക്ക് വീഡിയോ ഓൺലൈനിൽ പ്രചരിക്കുവാൻ തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലാകുകയും ചെയ്തു.
വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോൾത്തന്നെ ഇതിലെ സത്യാവസ്ഥ ആരാധകർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ ഉപയോക്താക്കൾ അന്വേഷിച്ചുതുടങ്ങിയിരുന്നു. ഇന്ത്യയിൽ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ കൃത്യമായ നിയന്ത്രണം വേണമെന്ന ആവശ്യമാണ് ഈ വിഷയത്തിൽ അഭിഷേക് എന്ന മാധ്യമപ്രവർത്തകൻ ട്വിറ്ററിൽ കുറിച്ചത്. നടി രശ്മികയുടെ ഒരു വൈറൽ വീഡിയോ എല്ലാവരുടേയും ശ്രദ്ധയിൽപ്പെട്ടിരിക്കുമെന്നും ഇത് മറ്റൊരാളുടെ ഉടൽ ഉപയോഗിച്ചുകൊണ്ടുള്ള വ്യാജവീഡിയോ ആണെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അമിതാഭ് ബച്ചൻ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, സംഭവത്തില്‍ നടി രശ്മിക മന്ദാന പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്റേതെന്ന പേരില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത് തീര്‍ത്തും വേദനാജനകമാണ്. ഇത്തരമൊരു അനുഭവം എന്നെ മാത്രമല്ല, ഇതുപോലെ സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇന്ന് ഒരുപാട് ആളുകൾ ഇതിൽ അകപ്പെടുന്നുണ്ട്. ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നൽകുന്ന എന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഞാൻ നന്ദി പറയുന്നു. എന്നാൽ ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എനിക്ക് ഇത് എങ്ങനെ നേരിടാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇത്തരം വിഷയങ്ങളിൽ ബന്ധപ്പെട്ടവർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും നടി രശ്മിക മന്ദാന ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
അതേസമയം, സംഭവത്തില്‍ സമൂഹമാധ്യമങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം വ്യാജ വാർത്തകൾക്കെതിരെ പോരാടാനുള്ള നിയമപരമായ ബാധ്യത സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഐടി നിയമം അനുസരിച്ച് ഉപഭോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, 36 മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്തിരിക്കണം. ഇല്ലെങ്കിൽ കമ്പനി നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
റിപ്പോര്‍ട്ട് അനുസരിച്ച് സാറാ പട്ടേല്‍ എന്ന് പേരുള്ള ഒരു ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് രശ്മിക മന്ദാനയുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. ഈ യുവതി ഒക്ടോബര്‍ 9 നാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്.

