തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് 9973.50 കിലോഗ്രാം ഈന്തപ്പഴം വിതരണം ചെയ്തുവെന്ന് സാമൂഹിക നീതി വകുപ്പ്. 250 ഗ്രാം വീതം 39,894 പേർക്ക് നൽകി. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്നും സാമൂഹിക നീതി വകുപ്പ് വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച ചോദ്യങ്ങൾക്ക് മറുപടിയായി പറയുന്നു.
തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഈന്തപ്പഴം വിതരണം ചെയ്തത്. ഇത് സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ടിവി അനുപമ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. എം ശിവശങ്കറിന്‍റെ നിർദേശ പ്രകാരമാണ് യു എഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു.
തുടർന്ന് ശിവശങ്കറിനെ കസ്റ്റംസ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. 2017-ൽ യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതിന് കള്ളക്കടത്ത് ബന്ധമുണ്ടോയെന്ന് അന്വേഷണം നടക്കുന്നുണ്ട്.

