ദില്ലി: രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. 5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.
ഏഴ് ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് നടക്കും. രണ്ടാം ഘട്ടം ഫെബ്രുവരി 14 ന് നടക്കും. മൂന്നാം ഘട്ടം ഫെബ്രുവരി 20നും നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാം ഘറ്റം മാർച്ച് 3നും നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു. മാർച്ച് 7 നായിരിക്കും ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ട വോട്ടെടുപ്പിന് ശേഷം മാർച്ച് 10 ന് വോട്ടെണ്ണൽ നടത്താനാണ് തീരുമാനം.
ഇന്ന് വൈകിട്ട് 3.30-ന് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. സുരക്ഷിതമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് കമ്മീഷൻ അറിയിച്ചു. ഒമിക്രോൺ വ്യാപനം ശക്തമാവുകയും കൊവിഡ് മൂന്നാം തരംഗത്തിൽ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷം പിന്നിടുകയും ചെയ്ത സാഹചര്യത്തിൽ കർശനമായ കോവിഡ് നിബന്ധനകളും നിർദേശങ്ങളും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക എന്നും കമ്മീഷൻ അറിയിച്ചു.
അതേസമയം കമ്മീഷൻ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. നാമനിർദേശ പത്രിക ഓൺലൈൻ ആയി നൽകാം, ഓൺലൈൻ നടപടികൾ പ്രോത്സാഹിപ്പിക്കും, കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം, ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി 1250 വോട്ടർമാർ മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളു,
കോവിഡ് ബാധിതർ, 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് തപാൽ വോട്ടിന് സൗകര്യം ഒരുക്കും, ഓരോ മണ്ഡലങ്ങളിലെയും ഒരു ബൂത്ത് എങ്കിലും വനിതകൾ നിയന്ത്രിക്കും, പോളിങ് സ്റ്റേഷനുകൾ അണുവിമുക്തമാക്കും എന്നിവയാണ് മാർഗ നിർദ്ദേശങ്ങളിൽ പറയുന്നത്.

