വയനാട് ചൂരൽമലയെയും മുണ്ടക്കൈയെയും തകർത്തെറിഞ്ഞ ഉരുൾപ്പൊട്ടലിൽ മരണസംഖ്യ 300 കഴിഞ്ഞിരിക്കുകയാണ്. സൈന്യം ബെയ്‌ലി പാലം പൂർത്തിയാക്കിയതോടെ വലിയ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്ന് മുണ്ടക്കൈയിൽ നടക്കും. ഇതോടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനാകും എന്നാണ് നിഗമനം. ദുരന്തമുഖത്ത് പെയ്തിറങ്ങുന്ന അതിശക്ത മഴ കാരണം രക്ഷാപ്രവർത്തനത്തിനൊപ്പം കണ്ടെടുത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മൃതദേഹങ്ങൾ എങ്ങനെ സംസ്കരിക്കും എന്ന ആശങ്കയിലായിരുന്നു മരണപ്പെട്ടവരുടെ ബന്ധുക്കളും. സേവാഭാരതിയുടെ മൊബൈൽ മൃതദേഹ സംസ്കരണ സംവിധാനം ആയ ചിതാഗ്നി ചൂരൽമലയിൽ പ്രവർത്തനസജ്ജമായതോടെ ആശങ്കൾക്ക് ഒരു പരിധി വരെ പരിഹാരമായിരുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് അടുത്ത ബന്ധുക്കളും പ്രിയപ്പെട്ടവരും മരണപ്പെട്ടാൽ പരമ്പരാഗത രീതിയിൽ മൃതദേഹം സംസ്‌കരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മൃതദേഹം ദഹിപ്പിക്കാൻ ചിത ഒരുക്കുക ഏറെക്കുറെ അസാധ്യമായ അനവധി പേരുണ്ട്. പരിമിതമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടിന് ആവശ്യത്തിന് മുറ്റം പോലും ഇല്ലാത്ത സാഹചര്യത്തിൽ അവിടെ തന്നെ ആചാര പ്രകാരം ചിത ഒരുക്കുക കഷ്ടമാണ്. ഈ സാഹചര്യങ്ങളിലെല്ലാം ജനത്തിന് ഏറെ ആശ്വാസമായിരുന്നു “ചിതാഗ്നി”.
മൊബൈൽ ക്രിമേഷൻ യൂണിറ്റ് പൂർണ്ണമായും എൽപിജിയിൽ പ്രവർത്തിക്കുന്ന യൂണിറ്റ് ആണ്. ഏകദേശം 2 മണിക്കൂർ കൊണ്ട് ശവസംസ്കാരം പൂർത്തിയാക്കാൻ കഴിയും. ചൂരൽമലയിൽ ഈ സംവിധാനം പ്രവർത്തന സജ്ജമാക്കിയതിന് പുറമെ വയനാട് മേപ്പാടി മാരിയമ്മൻ ക്ഷേത്ര ശ്മശാനം സേവാഭാരതി ഏറ്റെടുത്തുകൊണ്ട് ദുരന്തഭൂമിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കുകയാണ്. ഉരുൾപൊട്ടലിൽ വീട് അടക്കം സർവ്വവും നഷ്ടമായ ദുരന്തബാധിതർക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്.

