Saturday, December 20, 2025

കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിൽ ലിഫ്റ്റ് തകരാറിലായിട്ട് മാസങ്ങൾ; മൃതദേഹം ചുമന്ന് താഴേക്കിറക്കുന്ന നമ്പർ വൺ കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ രാജ്യവ്യാപകമായി വാർത്തയാകുന്നു; തിരിഞ്ഞു നോക്കാതെ അധികാരികൾ !

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് മൃതദേഹം മൂന്നാം നിലയിൽ നിന്ന് ചുമന്ന് താഴെയിറക്കുന്ന ദൃശ്യങ്ങൾ വിവാദമാകുന്നു. അധികാരികളുടെ അവഗണന കാരണം വളരെക്കാലമായി ലിഫ്റ്റ് തകരാറിലാണ് എന്നാണ് രോഗികളും ബന്ധുക്കളും ആരോപിക്കുന്നത്. കാലടി സ്വദേശി സുകുമാരന്റെ മൃതദേഹമാണ് മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചുമന്നത്. മാത്രമല്ല സുകുമാരനെ ഗുരുതരാവസ്ഥയിൽ ഈ മാസം 19 ന് ഇവിടേക്ക് കൊണ്ടുവരുമ്പോഴും ലിഫ്റ്റ് തകരാർ കാരണം ചുമന്നാണ് മൂന്നാം നിലയിലേക്ക് കൊണ്ടുപോയത്. 80% പൊള്ളലേറ്റ നിലയിലാണ് സുകുമാരനെ മൂന്നാം നിലയിലേക്ക് ചുമന്ന് കയറ്റിയത്. രോഗിയോടൊപ്പം വന്ന 4 നാട്ടുകാരും 2 ആശുപത്രി ജീവനക്കാരും ചേർന്നാണ് സുകുമാരനെ ചുമന്ന് കയറ്റിയത്. പിറ്റേദിവസം അദ്ദേഹം മരിക്കുകയും മൃതദേഹം താഴെ ഇറക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലിഫ്റ്റ് ഏറെക്കാലമായി തകരാറിലാണ് എന്നത് അത്യന്തം പ്രതിഷേധാർഹമാണ്. എന്നാൽ ലിഫ്റ്റ് നിർമ്മാണം അന്തിമ ഘട്ടത്തിലാണെന്നും ഉടൻ പ്രവർത്തന ക്ഷമമാകും എന്നുമാണ് അധികൃതരുടെ നിലപാട്. ലിഫ്റ്റിന്റെ ലൈസെൻസ് ലഭിച്ചാൽ ഉടൻ പ്രവർത്തിപ്പിക്കാനാകും എന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ ആശുപത്രിക്കെതിരെ മുമ്പും വ്യാപകമായ പരാതികൾ ഉയർന്നിട്ടുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. ആരോഗ്യരംഗത്ത് പിണറായി സർക്കാർ വിപ്ലവം സൃഷ്ടിക്കുന്നുവെന്ന പ്രചാരണങ്ങൾക്ക് ഇടയിലാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിലെ ദയനീയാവസ്ഥ ദേശീയ തലത്തിൽ തന്നെ വർത്തയാകുന്നത്.

Related Articles

Latest Articles