തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടി ഉണ്ടാകില്ല. ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്‌ത്തുന്നതടക്കമുള്ള നടപടികൾ തൽക്കാലം വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പം നിലകൊള്ളുകയെന്നതാണ് പാർട്ടിയുടെ നയമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതികരിക്കുമ്പോഴാണ് ദിവ്യയെ സംരക്ഷിച്ചുകൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
എഡിഎമ്മിന്റെ ആത്മഹത്യയിൽ പിപി ദിവ്യ കസ്റ്റഡിയിലായ സാഹചര്യത്തിലാണ് സംഘടനാ നടപടി വേണ്ടെന്ന നിലപാടിൽ സംസ്ഥാന നേതൃത്വം എത്തിനിൽക്കുന്നത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ദിവസം പിപി ദിവ്യ നടത്തിയ കൈക്കൂലി പരാമർശത്തിനുള്ള ശിക്ഷയായി ജില്ലാ പ്രസിഡൻ്റ് സ്ഥാനം നഷ്ടമായി, കേസിൽ അറസ്റ്റിലാവുകയും ചെയ്തു. അതിനാൽ ഇനി സംഘടനാ നടപടി വേണ്ടെന്ന നിലപാടിലാണ് നേതൃത്വത്തിലെ ഒരു വിഭാഗം. ഔദ്യോഗിക വിഷയങ്ങളിലുള്ള സംഘടനാ നടപടി ആശാസ്യകരമല്ലെന്നും അഭിപ്രായമുണ്ട്. അതിനാൽ ജില്ലാ കമ്മറ്റിയിൽ നിന്ന് തരംതാഴ്‌ത്തുന്നതടക്കമുള്ള നടപടികൾ തൽക്കാലം വേണ്ടെന്നാണ് പാർട്ടി നിലപാട്. വിഷയത്തിൽ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം പത്തനംതിട്ട ജില്ലാ കമ്മറ്റി നിൽക്കുകയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എഡിഎമ്മിന്റെ വീട് സന്ദർശിച്ച് പിന്തുണ അറിയിക്കുകയും ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രതിയെ സംരക്ഷിക്കുന്ന പാർട്ടി നിലപാട് എന്നതാണ് ശ്രദ്ധേയം. ദിവ്യ പാർട്ടിയുടെ സംഘടനാ രീതിക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്ന് ഏതാനും നേതാക്കൾ ചൂണ്ടിക്കാട്ടി.
കൂടുതൽ നിയമ സഹായം ലഭിക്കുവാനുള്ള വഴികൾ പിപി ദിവ്യ തേടുന്നതിനാൽ സംഘടനാ തലത്തിലുള്ള നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ പിപി ദിവ്യയെ പാർട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. നവീൻ ബാബു ജീവനൊടുക്കിയ വിഷയത്തിൽ സിപിഎമ്മിനെതിരെ ഉയർന്ന ജനവികാരം തണുപ്പിക്കാൻ എഡിഎമ്മിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്ന നിലപാട് മാത്രമാണ് പാർട്ടി മുഖം രക്ഷിക്കാൻ കൈക്കൊണ്ടത്. കേസിലെ പ്രതിക്കെതിരെ സംഘടനാ തലത്തിൽ നടപടിക്ക് തയ്യാറാകാത്ത സിപിഎം സമീപനം വീണ്ടും വിവാദമാവുകയാണ്.

