കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം. റിമാൻഡിലുള്ള ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുക. വ്യാഴാഴ്ചയാണ് ദിവ്യ അപേക്ഷ നൽകിയത്. കണ്ണൂര്‍ ജില്ലാ കളക്ടറുടേയും പ്രശാന്തന്‍റേയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്‍റെ കുടുംബം എതിര്‍ക്കും. കൈകൂലി ആരോപണം ഉന്നയിച്ച പ്രശാന്തനേയും പ്രതി ചേര്‍ക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. റിമാന്‍ഡിലായ ദിവ്യ ഇപ്പോൾ പള്ളിക്കുന്ന് ജയിലിലാണുള്ളത്. ജാമ്യാപേക്ഷയിൽ കോടതി സ്വീകരിക്കുന്ന നിലപാട് ദിവ്യയെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശ്ശൂരിൽ ചേരും. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി. പി. ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം. തത്ക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കണ്ണൂർ സിപിഎം. ഈ നിലപാട് തിരുത്താൻ സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തന്നെയാകും സെക്രട്ടേറിയറ്റിൽ പ്രധാനമായും വിലയിരുത്തപ്പെടുക. കൊടകര കുഴൽപണ കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ തുടരന്വേഷണ കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് രാഷ്ട്രീയ തീരുമാനം എടുക്കുമോ എന്നതും നിർണായകമാണ്. തിരുവനന്തപുരത്തുള്ള മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കില്ല.

